Advertisement

‘പണ്ട് തലമുറ എങ്ങനെയായിരുന്നു? അതല്ലേ കാണിക്കേണ്ടത്?’; കേരളീയത്തിലെ ആദിവാസി പ്രദർശന വിവാദത്തിൽ മറുപടിയുമായി ഫോക്ക്‌ലോർ അക്കാദമി

November 6, 2023
Google News 2 minutes Read
keraleeyam adivasi folklore academy

കേരളീയത്തിലെ ആദിവാസി പ്രദർശന വിവാദത്തിൽ മറുപടിയുമായി കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ. പണ്ട് ഒരു തലമുറ എങ്ങനെയായിരുന്നുവോ അതല്ലേ കാണിക്കേണ്ടത് എന്ന് ഉണ്ണികൃഷ്ണൻ ചോദിച്ചു. പരമ്പരാഗത ആദിവാസി നൃത്തങ്ങൾ അവതരിപ്പിക്കാൻ ആ വേഷത്തിലല്ലേ ഇരിക്കേണ്ടത്? അത് അവഹേളനമാണോ എന്നും അദ്ദേഹം ചോദിച്ചു. (keraleeyam adivasi folklore academy)

പണ്ടെങ്ങനായിരുന്നു ഒരു തലമുറ, അതല്ലേ കാണിക്കേണ്ടത്? കേരളത്തിൽ ഒരു കാട്ടിലും ഈ കുടിലു കാണാൻ പറ്റില്ല. അവരെല്ലാം സാധാരണ വീടുകളിലാണ് താമസിക്കുന്നത്. അവരെല്ലാം സാധാരണ വേഷങ്ങളാണ് ധരിക്കുന്നത്. അത് പുതിയ തലമുറയെ ബോധിപ്പിക്കാൻ അവരുടെ കലാരൂപം അവതരിപ്പിക്കുന്ന അതേ വേഷത്തിൽ തന്നെ അവർ അവിടെ ഇരിക്കുകയാണ്. മന്നാന്മാർ ഇരിക്കുന്നത് മന്നാൻ കൂത്ത് അവതരിപ്പിക്കാനാണ്. ഓട്ടം തുള്ളൽ നടത്തണമെങ്കിൽ ഓട്ടം തുള്ളലിൻ്റെ വേഷത്തിൽ വേണ്ടേ ഇരിക്കാൻ? പളിയ നൃത്തം അവതരിപ്പിക്കാൻ ആ വേഷത്തിലിരിക്കണം. അവരുടെ പരമ്പരാഗത വേഷത്തിലാണ് അത് അവതരിപ്പിക്കുന്നത്. ആ വേഷം പരിചയപ്പെടുത്തണം. അവിടെ ഇരിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരൊക്കെയാണ്. അവർ അവരുടെ പാരമ്പര്യം എന്തായിരുന്നു, വംശീയ വസ്ത്രമെന്തായിരുന്നു, ഭക്ഷണമെന്തായിരുന്നു എന്നൊക്കെ പരിചയപ്പെടുത്താൻ ആ വേഷത്തിലിരിക്കണ്ടേ?

Read Also: ‘മനുഷ്യന്മാരെ പ്രദർശിപ്പിക്കുന്നതിൽ മനോവേദനയുണ്ട്’; കേരളീയത്തിലെ ആദിവാസി പ്രദർശനത്തിൽ പ്രതിഷേധമറിയിച്ച് സംവിധായിക ലീല സന്തോഷ്

ലിവിങ് മ്യൂസിയം എന്ന കൺസപ്റ്റാണ് ഇത്. ജൈവ പ്രദർശനാലയം. ലൈവ് മ്യൂസിയമല്ല. കുറേ അരാജകവാദികളുണ്ട് സമൂഹത്തിൽ. എന്ത് ചെയ്താലും വിമർശിക്കുന്നവർ. ഒന്നുകിൽ ഞങ്ങളോട് വിളിച്ചുനോക്കണം, നിങ്ങൾ എന്ത് അർത്ഥത്തിലാ ഇത് ചെയ്യുന്നത്? അപ്പോ നമ്മൾ അതിനു വിശദീകരണം കൊടുക്കും. അവിടെ ഇരിക്കുന്ന ആദിവാസികളോട് ചോദിക്കാം. ഒരു തലമുറ എങ്ങനെയായിരുന്നു? ഇത് ചരിത്രമല്ലേ? അത് പഠിപ്പിക്കുന്നത് അവഹേളനമാണോ? ഫോട്ടോ പ്രദർശിപ്പിക്കുന്നതും പ്രതിമ ഉണ്ടാക്കുന്നതും പ്രശ്നമില്ല. ഇത് ഇവർ ഇവരുടെ ചരിത്രം പറയുകയാണ്. പതിനായിരിക്കണക്കിനു കുട്ടികൾ ഇത് പഠിച്ചിട്ട് പോവുകയാണ്. അവിടെ ഏറുമാടം ഉണ്ടാക്കിയിട്ടുണ്ട്. അത് ഒരു തലമുറ കണ്ടിട്ടുപോവുകയാണ്. അതിൻ്റെ ലക്ഷ്യത്തെ മനസിലാക്കാതെ ചിലർ വിമർശിക്കുന്നു.

മറ്റ് സമുദായക്കാർ ഇങ്ങനെ ലിവിങ് മ്യൂസിയത്തിൽ വരില്ല. നായന്മാരോട് ഇങ്ങനെ ഒരു ലിവിങ് മ്യൂസിയത്തിൽ വരണമെന്നുപറഞ്ഞാൽ അവർ അഭിമാനമില്ലാത്തവരായതുകൊണ്ട് വരില്ല. ആദിവാസികൾക്ക് അഭിമാനമുണ്ട്, അതുകൊണ്ട് വരും. അവരുടെ പൈതൃകത്തിൽ അവർക്ക് അഭിമാനമുണ്ട്. ആ വേഷം ധരിച്ചാണ് ഇന്നും അവർ നൃത്തം അവതരിപ്പിക്കുന്നത്. വേറെ സമുദായക്കാരോട് ലിവിങ് മ്യൂസിയം വച്ചാൽ വരുമോ എന്ന് ചോദിച്ചില്ല. ആദിവാസി സംസ്കാരം അന്യം നിന്ന് പോവുകയല്ലേ? അതുകൊണ്ടാണ്. മറ്റൊരു കാര്യം, ഇത് ഫോക്ക്ലോർ അക്കാദമി തയ്യാറാക്കിയതാണ്. നമ്മൾ ഏത് മേഖല കൈകാര്യം ചെയ്യുന്നോ അത് നമ്മൾ ചെയ്തു. ഒരു കാരണവശാലും ഒഴിവാക്കരുതാത്തതാണ് ആദിവാസി വിജ്ഞാനം എന്നത്. അതാണ് പഠിപ്പിക്കുന്നത്. 49 ഗോത്രമുണ്ട്. എല്ലാവരെയും ഉൾപ്പെടുത്താനുള്ള സ്ഥല, സാമ്പത്തിക പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് അതിൽ അഞ്ച് ഗോത്രങ്ങളെ എടുത്ത് ചെയ്യുന്നു. ഇന്ന് ഈ ഊരുകളില്ല. റിപ്പബ്ലിക് ദിന പരേഡിന് ആദിവാസികളുടെ ജീവിത ചര്യ കാണിച്ച് പരേഡ് നടത്തി. ആർക്കും ഒരു പ്രശ്നവുമില്ലല്ലോ. ഇവിടെ കേരള സർക്കാരും ഫോക്ക്ലോർ അക്കാദമിയും ചെയ്യുമ്പഴാണോ പ്രശ്നം. സർക്കാർ വിശദീകരണം ചോദിച്ചിട്ടില്ല. സർക്കാരിനെ കാര്യങ്ങൾ കൃത്യമായി അറിയിച്ചിട്ടുണ്ട്. എന്ത് ചെയ്താലും വിമർശിക്കുകയും വികലമാക്കുകയും ചെയ്യുന്നവരോട് എന്തുപറയാനാണ്.

ആദിവാസികളെ പ്രദർശനവസ്തുവാക്കി കേരളീയത്തിൽ ലിവിങ് മ്യൂസിയം തയ്യാറാക്കിയതിൽ പ്രതിഷേധമറിയിച്ച് സംവിധായിക ലീല സന്തോഷ് അടക്കം രംഗത്തുവന്നിരുന്നു. കേരളീയത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിലാണ് കേരള ഫോക്ക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ ലിവിങ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ആദിമം എന്നാണ് ഈ പ്രദർശനത്തിൻ്റെ പേര്.

Story Highlights: keraleeyam adivasi controversy folklore academy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here