‘മനുഷ്യന്മാരെ പ്രദർശിപ്പിക്കുന്നതിൽ മനോവേദനയുണ്ട്’; കേരളീയത്തിലെ ആദിവാസി പ്രദർശനത്തിൽ പ്രതിഷേധമറിയിച്ച് സംവിധായിക ലീല സന്തോഷ്

ആദിവാസികളെ പ്രദർശനവസ്തുവാക്കി കേരളീയത്തിൽ ലിവിങ് മ്യൂസിയം തയ്യാറാക്കിയതിൽ പ്രതിഷേധമറിയിച്ച് സംവിധായിക ലീല സന്തോഷ്. മനുഷ്യരെ പ്രദർശനവസ്തുവാക്കി നിർത്തുന്നത് വേദനയുണ്ടാക്കുന്നതാണ്. വേറെ ഏതെങ്കിലും സമുദായക്കാരെ അവിടെ അങ്ങനെ നിർത്തിയിട്ടുണ്ടോ എന്നും ലീല ട്വൻ്റിഫോർ വെബിനോട് പ്രതികരിച്ചു. (keraleeyam adivasi leela santhosh)
“മനുഷ്യർ മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. അങ്ങനെ ഒരു സമയത്ത് ഇങ്ങനെ ചെയ്യുന്നത് എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുക? എല്ലാ സമൂഹത്തെയും സമുദായത്തെയും കാണിക്കേണ്ടതല്ലേ? പല തരം വൈവിധ്യമാർന്ന സംസ്കാരങ്ങൾ നമുക്കുണ്ട്. അവരെയൊക്കെ പ്രദർശിപ്പിക്കണ്ടേ? ആദിവാസികളെ മാത്രം പ്രദർശിപ്പിക്കുന്നത് അവഹേളനമായാണ് എനിക്ക് തോന്നുന്നത്. നമുക്ക് മാത്രമല്ല, എല്ലാവർക്കും സംസ്കാരമുണ്ട്. ഇതൊന്നും പ്രദർശിപ്പിക്കപ്പെടുന്നില്ല. പക്ഷേ, ആദിവാസികളുടെ സംസ്കാരം പ്രദർശിപ്പിക്കപ്പെടുന്നു. ഒരു ആദിവാസി എന്ന നിലയിൽ ഇത് അവഹേളനമായാണ് എനിക്ക് തോന്നുന്നത്.”- ലീല സന്തോഷ് പറഞ്ഞു.
താൻ അവിടെ പോയില്ലെങ്കിലും അവിടെ പോയ ആൾക്കാർ അയച്ചുതന്ന ചിത്രങ്ങളാണ് ഇത് എന്ന് ലീല സന്തോഷ് പറഞ്ഞു. തിരക്കഥയുടെ ജോലികൾ നടക്കുന്നതിനാൽ പോകാനായില്ല. തിരുവനന്തപുരം വളരെ ദൂരെയുമാണ്. മറ്റ് പലരും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. താൻ അത് ഇന്നലെ പോസ്റ്റ് ചെയ്തതാണ്. ഇതുവരെ കേരളീയം വേദിയിൽ നിന്ന് അത് മാറ്റിയിട്ടില്ല എന്നാണ് തൻ്റെ അറിവ് എന്നും ലീല പ്രതികരിച്ചു.
Read Also: ‘കേരളീയത്തിൽ പങ്കെടുത്തത് പിണറായി വിജയനെ പുകഴ്ത്താനല്ല; വിലക്കുണ്ടെന്ന കാര്യം അറിയിച്ചില്ല’; മണിശങ്കർ അയ്യർ
മനുഷ്യരെ ഇരുത്തിയിട്ടാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വസ്തുക്കൾ ഉപയോഗിക്കാം. ആഭരണങ്ങളോ കുടിലുകളോ ഒക്കെ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ, കുറച്ച് മനുഷ്യരെ അവിടെ കൊണ്ട് ഇരുത്തുന്നത് ചെയ്യാൻ പാടില്ലാത്തതാണ്. അതും പരമ്പരാഗത വേഷമണിഞ്ഞ് ഒരു പകൽ മുഴുവൻ ഇരിക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആദിവാസികളെ ഇങ്ങനെ നിർത്താറുണ്ട്. അതിനെതിരെ നേരത്തെ പ്രതികരിച്ചിട്ടുള്ളതാണ്. ഇത് കാണുമ്പോ ഇന്നത്തെ തലമുറ, നമ്മളെക്കുറിച്ച് ലോകം ഇത് തന്നെയല്ലേ കരുതുക? ആദിവാസികളെ നമ്മുടെ സമൂഹം ഇപ്പോഴും ഇങ്ങനെ തന്നെയാണ് ചിത്രീകരിക്കുന്നത് എന്ന മനോവേദനയാണ് ഇത്. രാഷ്ട്രീയക്കാരെയോ മറ്റോ മറ്റൊരു തരത്തിലും ആരെയും നെഗറ്റീവായി കാണുന്നില്ല. മനുഷ്യരെ കൊണ്ട് ഇരുത്തുന്നതിലുള്ള മനോവേദനയാണ് എന്നും ലീല 24നോട് പറഞ്ഞു.
കേരളീയത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിലാണ് ലിവിങ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ആദിവാസി സമൂഹത്തിൻ്റെ ജീവിതം കാണിക്കുന്ന എന്നതാണ് കേരള ഫോക്ക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന മ്യൂസിയത്തിൻ്റെ ലക്ഷ്യം. ആദിമം എന്നാണ് ഈ പ്രദർശനത്തിൻ്റെ പേര്.
Story Highlights: keraleeyam adivasi stall director leela santhosh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here