ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിച്ചുവെന്ന് പരാതി; തൃശ്ശൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു

വിയ്യൂർ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായി കൊടി സുനിക്ക് മർദ്ദനമേറ്റെന്ന് പരാതി. ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചു എന്നാണ് പരാതി. പരുക്കേറ്റ കൊടി സുനി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് കൊടി സുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘർഷത്തിൽ പത്തുപേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. ഇരുമ്പ് വടി കൊണ്ടും കുടിച്ചില്ലുകൊണ്ടും ജയിൽ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു വെന്ന് എഫ്ഐആറിൽ പറയുന്നു. നേരത്തേയുണ്ടായ ആക്രമണത്തിൽ നാലു ജീവനക്കാർക്ക് പരുക്കേറ്റിരുന്നു. പത്തു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
വധശ്രമം തുടങ്ങി കലാപ ആഹ്വാനം വരെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ കലാപ ആഹ്വാനം നടത്തി സംഘർഷം അഴിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. കൊടിസുനിയാണ് കേസിലെ അഞ്ചാം പ്രതി.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലേക്കെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കൊലക്കേസ് പ്രതികളിലൊരാൾ സ്വയം പരിക്കേൽപ്പിച്ചതായും വിവരമുണ്ട്.
സംഘര്‍ഷത്തില്‍ നിന്ന് ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ജയിൽ ഓഫീസിലെ ഫർണിച്ചറുകളും നശിപ്പിച്ചിരുന്നു.
Story Highlights: clash in viyyur jail kodi suni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here