Advertisement

അവസാന ലീഗ് മത്സരത്തിൽ തകർന്ന് പാകിസ്താൻ; ഇംഗ്ലണ്ടിന് കൂറ്റൻ ജയം

November 11, 2023
Google News 2 minutes Read
england won pakistan cricket

ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ട് കൂറ്റൻ ജയം. പാകിസ്താനെ 93 റൺസിനു കീഴടക്കിയ ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 338 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താൻ 244 റൺസ് എടുക്കുന്നതിനിടെ 43.3 ഓവറിൽ ഓൾ ഔട്ടായി. 51 റൺസ് നേടിയ ആഘ സൽമാനാണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. തൻ്റെ അവസാന ഏകദിനം കളിക്കാനിറങ്ങിയ ഡേവിഡ് വില്ലി ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീഴ്ത്തി. (england won pakistan cricket)

സെമി യോഗ്യത നേടാൻ 6.4 ഓവറിൽ വിജയിക്കണമെന്ന അസാധ്യമായ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താന് മോശം തുടക്കമാണ് ലഭിച്ചത്. അബ്ദുള്ള ഷഫീക്കിനെ (0) രണ്ടാം പന്തിൽ തന്നെ അവർക്ക് നഷ്ടമായി. ഏറെ വൈകാതെ ഫഖർ സമാനും (1) മടങ്ങി. മൂന്നാം വിക്കറ്റിൽ ബാബർ അസമും മുഹമ്മദ് റിസ്‌വാനും ചേർന്ന് 51 റൺസ് കൂട്ടിച്ചേർത്തു. 38 റൺസ് നേടി ബാബറും 36 റൺസ് നേടി റിസ്‌വാനും മടങ്ങി. സൗദ് ഷക്കീൽ 29 റൺസ് നേടി പുറത്തായതോടെ പാകിസ്താൻ പരാജയം ഉറപ്പിച്ചു. ഇഫ്തിക്കാർ അഹ്മദ് (3), ഷദാബ് ഖാൻ (4) എന്നിവർ വേഗം മടങ്ങിയതോടെ പാകിസ്താൻ തകർച്ചയിലേക്ക് വീണു. ഒരുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമാവുമ്പോഴും ആക്രമിച്ചുകളിച്ച ആഘ സൽമാൻ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ആഘയും വീണു.

Read Also: സ്റ്റോക്സിനും റൂട്ടിനും ഫിഫ്റ്റി; പാകിസ്താനെതിരെ ഇംഗ്ലണ്ടിനു മികച്ച സ്കോർ

ഷഹീൻ അഫ്രീദി ചില ബൗണ്ടറികൾ നേടിയെങ്കിലും 25 റൺസ് നേടി പുറത്തായി. അവസാന വിക്കറ്റിൽ ഹാരിസ് റൗഫും മുഹമ്മദ് വസീം ജൂനിയറും ചില കൂറ്റൻ ഷോട്ടുകളുതിർത്തു. മുന്നേറ്റ നിരയെ നാണിപ്പിക്കും വിധ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 10ആം വിക്കറ്റിൽ 53 റൺസിൻ്റെ കൂട്ടുകെട്ടും പടുത്തുയർത്തി. അതൊന്നും പാക് പരാജയം തടയാൻ പര്യാപ്തമായില്ല. 23 പന്തിൽ 35 റൺസ് നേടി ഹാരിസ് റൗഫ് പുറത്തായപ്പോൾ മുഹമ്മദ് വസീം ജൂനിയർ 14 പന്തിൽ 16 റൺസ് നേടി നോട്ടൗട്ടാണ്.

ലോകകപ്പിലെ ആദ്യ സെമി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യയും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ന്യൂസീലൻഡും തമ്മിലാണ്. ഈ മാസം 15ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. ഈ മാസം 16നു നടക്കുന്ന രണ്ടാം സെമിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നാമതുള്ള ഓസ്ട്രേലിയയെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഈ മത്സരം നടക്കുക.

Story Highlights: england won pakistan cricket world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here