ഉത്രവധക്കേസ്, വിസ്മയ കേസ്, കുറ്റവാളികളെല്ലാം അഴിക്കുള്ളിൽ; ഒടുവില്‍ 5 വയസുകാരിക്കും നീതി ഉറപ്പാക്കി ജി.മോഹന്‍രാജ്

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനു പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചതിന്റെ അഭിമാനത്തിലാണ് പ്രോസിക്യൂഷൻ.
കേരളം ചർച്ച ചെയ്ത പല കേസുകളിലും പ്രോസിക്യൂട്ടറായിരുന്ന ജി.മോഹന്‍രാജ് ആയിരുന്നു ആലുവ കേസിലെയും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സമാനമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള മോഹൻരാജ് ഒരു മാസത്തോളം എറണാകുളത്ത് ക്യാംപ് ചെയ്താണ് വാദം നടത്തിയത്.
അഞ്ചല്‍ ഉത്ര വധക്കേസ്, കൊല്ലം വിസ്മയ കേസ്, കോവളത്തെ വിദേശവനിതയുടെ കൊലപാതകം തുടങ്ങിയ കേസുകളിലും മോഹന്‍രാജായിരുന്നു പ്രോസിക്യൂട്ടര്‍. ഈ കേസുകളിലെല്ലാം പ്രതികള്‍ക്ക് മതിയായ ശിക്ഷ വാങ്ങിനല്‍കാന്‍ സാധിച്ചു.
2000-ല്‍ അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായുള്ള മോഹന്‍രാജിന്റെ അരങ്ങേറ്റം തന്നെ കോളിളക്കമുണ്ടാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലായിരുന്നു. അതിനു ശേഷം കോട്ടയം എസ്.എം.ഇ. റാഗിങ്, എന്ട്രിക ലെക്സി കടല്‍ക്കൊല, ആവണീശ്വരം മദ്യദുരന്തം, ബ്യൂട്ടീഷന് ചിത്ര പിള്ള വധം, സോളാര്‍കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം, മഹാരാജാസിലെ അഭിമന്യൂ വധം തുടങ്ങിയ കേസുകളിലെല്ലാം സ്പെഷ്യല്‍ പ്രോസിക്യൂട്ടറായത് മോഹന്‍രാജാണ്. ചെറിയതുറ പൊലീസ് വെടിവെപ്പ്, പുല്ലുമേട് ദുരന്തം തുടങ്ങിയവ അന്വേഷിച്ച കമ്മിഷനുകള്‍ക്ക് മുന്‍പാകെ സര്‍ക്കാരിനു വേണ്ടി ഹാജരായതും മോഹന്‍രാജായിരുന്നു.
പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന പുത്തൂര്‍ ഗോപാലകൃഷ്ണന്റെ മകനാണ് ജി മോഹന്‍ രാജ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടിയ മോഹന്‍രാജ് പ്രാക്ടീസ് തുടങ്ങിയത് 1994-ല്‍ അച്ഛന് കീഴില്‍ കൊല്ലത്താണ്. അതിനു ശേഷം കൊച്ചിയില്‍ അഡ്വ. എം.കെ. ദാമോദരന്റെ ജൂനിയറായി. കൊല്ലത്തേക്ക് തിരിച്ചുപോയതിനു ശേഷമാണ് അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകുന്നത്.
Story Highlights: Aluva girl murder case verdict, Adv G Mohanraj public prosecutor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here