ലോകം എന്തെന്ന് അറിയും മുമ്പേ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദന; ശിശുദിനത്തിലെ ചരിത്ര വിധിയെന്ന് വി ഡി സതീശൻ

ആലുവ പീഡന ക്കേസിലെ പോക്‌സോ കോടതിയുടെ വിധി മാപ്പർഹിക്കാത്ത ക്രൂരതയ്ക്കുള്ള ശിശുദിനത്തിലെ ചരിത്രവിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ല. ലോകം എന്തെന്ന് അറിയും മുമ്പെ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദനയാണ്.(V D Satheeshan on Aluva Rape Case)
മാതാപിതാക്കളുടെ ഉളളിൽ എന്നും നീറി പുകയുന്ന ഒരു ഓർമ്മയാണവളെന്നും കുറ്റവാളി ദയ അർഹിക്കുന്നില്ലെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രതി അസഫാഖ് ആലത്തിന് വധ ശിക്ഷയും വിവിധ വകുപ്പുകളിലായി അഞ്ച് ജീവപരന്ത്യം ശിക്ഷയുമാണ് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ വിധിച്ചത്.
പ്രതി ദയ അർഹിക്കുന്നില്ലെന്നും പ്രായം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി.
അതേസമയം ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്. പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു.
35 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണയും പൂര്‍ത്തികരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിച്ചു. അന്വേഷണ സംഘവും പ്രോസിക്യൂഷനും ഏറ്റവും കൃത്യതയോടെയും ചടുലതയോടെയുമാണ് പ്രവര്‍ത്തിച്ചത്. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നു.
കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഒരു അതിക്രമത്തെയും പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാര്‍ക്ക് നേരെ നടപടി സ്വീകരിക്കും. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി. ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താന്‍ സമൂഹമൊന്നാകെ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: V D Satheeshan on Aluva Rape Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here