Advertisement

ലൈഫ് പദ്ധതിക്ക് സംസ്ഥാനം 13736 കോടി രൂപ ചെലവാക്കി,കേന്ദ്രം നൽകിയത് 2024 കോടി രൂപ മാത്രമാണ്; എം ബി രാജേഷ്

November 15, 2023
Google News 2 minutes Read
'Strict action in case of default in waste management'; MB Rajesh

ലൈഫ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. സംസ്ഥാനം അഞ്ച് ലക്ഷം വീടുകൾ നൽകുമ്പോൾ കേന്ദ്രം തുച്ഛമായ സഹായം മാത്രം നൽകുന്നു. ലൈഫിന് സംസ്ഥാനം 13736 കോടി രൂപ ചെലവാക്കി. കേന്ദ്രം നൽകിയത് 2024 കോടി രൂപ മാത്രമാണ്. ലൈഫിൽ കേന്ദ്രത്തിന്റെ ലോഗോ പതിക്കുന്നത് അല്പത്തരം.(MB Rajesh Against Central Govt Politics)

നാളിതുവരെ 3,56,108 വീടുകള്‍ ലൈഫ് മിഷനിലൂടെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. വീടുകള്‍ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഈ സാമ്പത്തിക വർഷം കരാർ വെച്ച 15,518 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് പുറമേ, 1,25,739 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

സ്വന്തം നിലയിൽ വീട് നിർമ്മിക്കാൻ കഴിയാത്തവർക്ക് സർക്കാർ സഹായം നൽകുമ്പോഴും, ആ വീടിന് മുന്നിൽ എല്ലാക്കാലത്തും ഇത് സർക്കാർ കനിവിലുണ്ടാക്കിയ വീടാണെന്ന ബോർഡ് വെക്കണമെന്ന ആശയത്തെ എല്ലാക്കാലത്തും കേരളം എതിർത്തിട്ടുണ്ട്.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

സർക്കാരിന്റെ ഭവനനിർമ്മാണ സഹായമായി രാജ്യത്ത് ഏറ്റവുമധികം തുക നൽകുന്നത് കേരളത്തിലാണ്, 4ലക്ഷം രൂപ. ഇതിന്റെ പകുതി തുക പോലും മറ്റെവിടെയും നൽകുന്നില്ല. ആകെ ലൈഫ് ലിസ്റ്റിൽ വളരെ വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് പിഎംഎവൈ പദ്ധതിയുടെ ഗുണഭോക്താക്കളായി വരുന്നത്. ഇവർക്കാണ് തുച്ഛമായ കേന്ദ്രസഹായം ലഭിക്കുന്നത്, ബാക്കിയുള്ളവർക്ക് മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തി നൽകുകയാണ്.

തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെ ദുർബലപ്പെടുത്താനും അനാവശ്യമായി കൈകടത്താനുമുള്ള കേന്ദ്രസർക്കാർ ശ്രമങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം കേരളം ഏറ്റെടുക്കേണ്ടതുണ്ട്. വികേന്ദ്രീകൃതാസൂത്രണത്തിന് ലോകത്തിന്റെയാകെ ശ്രദ്ധ നേടിയ കേരളാ മോഡലിനെ ദുർബലപ്പെടുത്താനുള്ള സംഘടിത ശ്രമമാണ് കേന്ദ്രം നടത്തുന്നത്.

കേന്ദ്രം പറയുന്ന രീതിയിൽ മുൻഗണനയ്ക്കു് അനുസരിച്ച് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും വികസനപദ്ധതികള്‍ രൂപകൽപ്പന ചെയ്യണമെന്ന് പറയുന്ന നിലയിലേക്ക് പോലും ഈ അട്ടിമറിശ്രമം എത്തിക്കഴിഞ്ഞിരിക്കുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെയും എല്ലാ ഭരണഘടനാപരമായ മൂല്യങ്ങളുടെയും കടയ്ക്കൽ കത്തിവെക്കുന്ന സമീപനമാണ് കേന്ദ്രം പിന്തുടരുന്നത്. ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവുമായ ഈ നിലപാടുകള്‍ക്കെതിരെ കേരളമാകെ രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നുവെന്നും എം ബി രാജേഷ് വ്യക്തമാക്കി.

Story Highlights: MB Rajesh Against Central Govt Politics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here