Advertisement

ബീമാപള്ളി ഉറൂസ്: ഡിസംബർ 15 ന് കൊടിയേറും, സമയബന്ധിതമായി ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി

November 17, 2023
Google News 1 minute Read
Beemapally uroos preparations

തിരുവനന്തപുരം ബീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസ് ഡിസംബർ 15ന് കൊടിയേറി 25ന് സമാപിക്കും. തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ബീമാപള്ളി ജമാഅത്ത് കൗൺസിൽ ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മന്ത്രി നിർദേശം നൽകി. മുൻ വർഷങ്ങളിലെ പോലെ തന്നെ ചുമതലാ ബോധത്തോടെ വകുപ്പുകൾ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഉറൂസിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഉത്സവമേഖലയിലേക്കുള്ള പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ നവംബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനും റീടാറിംഗ് ആവശ്യമുള്ള സ്ഥലങ്ങളിൽ അടിയന്തരമായി ചെയ്യുന്നതിനും മന്ത്രി നിർദേശം നൽകി.

തെരുവ് വിളക്കുകൾ തെളിയിക്കുന്നതിനും അറ്റകുറ്റപ്പണികൾ നവംബർ 10നകം പൂർത്തിയാക്കുന്നതിനും കെ.എസ്.ഇ.ബിയേയും തിരുവനന്തപുരം കോർപ്പറേഷനേയും മന്ത്രി ചുമതലപ്പെടുത്തി. ക്രമസമാധാനവും തീർത്ഥാടകരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് പട്രോളിംഗ്, എയ്ഡ് പോസ്റ്റ്, സിസിടിവി ക്യാമറ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ തിരുവനന്തപുരം സിറ്റി പൊലീസ് ഒരുക്കും. ലഹരിവിരുദ്ധ ക്യാമ്പയിനുകളും ഉത്സവമേഖലയിൽ എക്‌സൈസ് പ്രത്യേക സ്‌ക്വാഡിന്റെ നിരീക്ഷണവും പരിശോധനയും ഉണ്ടാകും.

മുൻവർഷത്തെ പോലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ നടത്തും. തീർത്ഥാടകർക്കായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പും പ്രാഥമിക ശുശ്രൂഷാ കേന്ദ്രവും പ്രവർത്തിക്കും. ആംബുലൻസ് സൗകര്യവുമുണ്ടാകും. അഗ്നിസുരക്ഷാസേനയുടെ അഞ്ച് പേരടങ്ങുന്ന യൂണിറ്റ് പ്രവർത്തിക്കും. ഉത്സവമേഖലയിലേയും അനുബന്ധ പ്രദേശങ്ങളിലേയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കും.

ബയോ ടോയ്‌ലെറ്റ് യൂണിറ്റ്, മെഡിക്കൽ ടീം, ആംബുലൻസ് സൗകര്യം എന്നിവയും തിരുവനന്തപുരം കോർപ്പറേഷൻ സജ്ജീകരിക്കും. തീർത്ഥാടകരുടെ അവശ്യസൗകര്യങ്ങൾക്കായി ബീമാപള്ളി അമിനിറ്റി സെന്റർ തുറക്കും. ബീമാപള്ളി അമിനിറ്റി സെന്ററിന്റ ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ നവകേരളസദസ്സ് സമാപനത്തിന് ശേഷം നടത്താനും യോഗത്തിൽ തീരുമാനമായി. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡിസംബർ അഞ്ചിന് ബീമാപള്ളിയിൽ അവലോകനയോഗം ചേരും.

Story Highlights: Beemapally uroos preparations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here