വ്യാജ തിരിച്ചറിയൽ കാർഡ്: കോൺഗ്രസ് ചെയ്തത് രാജ്യദ്രോഹക്കുറ്റം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യാജ തെരഞ്ഞെടുപ്പ് കാർഡുകൾ നിർമിച്ചത് രാജ്യദ്രോഹക്കുറ്റമാണ്. ഒന്നേകാൽ ലക്ഷത്തോളം കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ചെടുത്തതെന്നും പിന്നിൽ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഗുരുതരമായ ക്രിമിനൽ കുറ്റമാണിത്. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഇക്കാര്യം തെളിവ് സഹിതം പുറത്തുകൊണ്ടുവന്നത്. തീവ്രവാദ പ്രവർത്തനമാണ് കോൺഗ്രസ് നടത്തിയത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ് വ്യാജ തിരിച്ചറയിൽ കാർഡ് വിവാദത്തിന് പിന്നിൽ. ബാംഗ്ലൂരിൽ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചതെന്നും സുരേന്ദ്രൻ.
പരാതി ലഭിച്ചിട്ടും കോൺഗ്രസ് ഇടപെടാത്തത് ഗൗരവത്തോടെ കാണണം. കെ.സി വേണുഗോപാലും വി.ഡി സതീശനും ഈ വിഷയങ്ങൾ അറിഞ്ഞിരുന്നുവെന്നും ഇത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട്ടെ വിജയത്തിന് കോൺഗ്രസ് ഇത്തരം തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സമഗ്രമായ അന്വേഷണം അടിയന്തരമായി നടത്തണം. ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. ഈ കുറ്റത്തിൽ നിന്ന് കോൺഗ്രസിന് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് രീതിയെ വിമർശിക്കുന്ന വ്യക്തിയാണ്. രാഹുലിന് മുന്നിൽ മൂന്ന് ദിവസം മുമ്പ് പരാതി ലഭിച്ചിട്ടും മൂടിവെച്ചത് വലിയ കുറ്റമാണെന്നും അവർക്കെതിരെയും നടപടി വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് തികഞ്ഞ രാജ്യദ്രോഹ കുറ്റമാണ്. ഒറിജിനലിനെ വെല്ലുന്ന വ്യാജ കാർഡുകൾ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് കാണിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights: K Surendran in fake identity card controversy in Youth Congress election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here