Advertisement

കെ ജി പ്രസാദിന്റെ ആത്മഹത്യ; ജീവനെടുത്തത് വായ്പയോ സർക്കാർ നയമോ?

November 17, 2023
Google News 1 minute Read
KG Prasad suicide what is PRS

കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴ കുട്ടനാട്ടിലെ കർഷകൻ കെ ജി പ്രസാദ് ആത്മഹത്യ ചെയ്തത്. നെല്ലിന്റെ കൂലിയായി സപ്ലൈക്കോ ബാങ്ക് വഴി നൽകിയ പണം പിആർഎസ് വായ്പാ കുടിശികയായി മാറിയെന്നും അതുമൂലം ബാങ്ക് ലോൺ കിട്ടാതെ വന്നെന്നും ജീവനൊടുക്കുകയുമാണെന്നാണ് പ്രസാദ് മരിക്കുന്നതിന് മുൻപ് എഴുതിയ കുറിപ്പിലുള്ളത്. പിന്നാലെ കെ ജി പ്രസാദിന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്ന് ആരോപിച്ച് പ്രതിപക്ഷവും കർഷക കൂട്ടായ്മകളും ശക്തമായ പ്രതിഷേധം ഉന്നയിക്കുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ, പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് വായ്പാ കുടിശ്ശിക അല്ലെന്ന വാദവുമായി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തി. കർഷകന്റെ സിബിൽ സ്‌കോറിനെ ബാധിച്ചത് മറ്റ് കാരണങ്ങൾ ആണെന്നും പ്രശ്‌നം കേന്ദ്രത്തിന്റെ നയമാണെന്നും സർക്കാർ വാദിച്ചു. വാസ്തവത്തിൽ എന്താണ് കർഷകർ നേരിടുന്ന ഈ വായ്പാ പ്രതിസന്ധി? എങ്ങനെയാണ് നെല്ലിന് കൂലിയായി നൽകിയ പണം പിആർഎസ് വായ്പാ കുടിശികയായി മാറുന്നത്?

എന്താണ് പിആർഎസ്?

പാഡി റസീപ്റ്റ് ഷീറ്റ് എന്ന പിആർഎസ് യഥാർത്ഥത്തിൽ കർഷകർക്ക് ആശ്വാസമായി നിലവിൽ വന്ന സംവിധാനമാണ്. കർഷകർ കൃഷി ചെയ്‌തെടുക്കുന്ന നെല്ല് സംഭരിക്കുമ്പോൾ പണത്തിന് പകരമായി സപ്ലൈകോ കർഷകന് നൽകുന്നതാണ് പിആർഎസ്. വിപണിയിൽ കിലോയ്ക്ക് 20 രൂപയാണ് നെല്ലിനെങ്കിൽ അതിൽ നിന്ന് വിലവർധിപ്പിച്ച് 25നോ 26നോ നെല്ല് സർക്കാർ ഏറ്റെടുക്കും. ഇതോടെ കർഷകന് സാധാരണ വിപണി നിരക്കിനെക്കാൾ കൂടുതൽ വിലക്ക് നെല്ല് വിൽക്കാൻ കഴിയും. നെല്ല് സംഭരണത്തിന് ശേഷം കാലതാമസം നേരിടാതെ കർഷകന് നെല്ലിന്റെ വില വേഗത്തിൽ ലഭ്യമാകുന്നു ഇതിലൂടെ. അതായത്, വിപണി വിലയെക്കാൾ കൂടുതൽ വിലയ്ക്ക് കർഷകരിൽ നിന്ന് സ,ർക്കാർ സപ്ലൈക്കോ വഴി നെല്ല് ശേഖരിച്ച് പിആർഎസ് റെസീപ്റ്റ് നൽകുന്നു. നെല്ല സംഭരണ വില കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ചേർന്നു രൂപീകരിച്ച കൺസോർഷ്യവുമായി സപ്ലൈകോ കരാർ ഒപ്പുവെച്ചിട്ടുണ്ട്.

പിആർഎസും വായ്പയും

സർക്കാർ നൽകുന്ന പാഡി റെസീപ്റ്റ് ഷീറ്റ്, പിആർഎസ് സ്‌കീമുള്ള ബാങ്കിലേക്ക് കൊടുക്കുമ്പോൾ റെസീപ്റ്റ് കൈപ്പറ്റുന്ന ബാങ്ക് കർഷകന്റെ അക്കൗണ്ടിലേക്ക് പണമായി നൽകുന്നു. സംഭരിച്ച നെല്ലിന്റെ വിലയ്ക്ക് തുല്യമായ തുകയാണ് ഈ ബാങ്കുകൾ വായ്പയായി കർഷകന് കൊടുക്കുന്നത്. ഈ പണം സർക്കാർ ബാങ്കുകൾക്ക് നൽകുമ്പോൾ കർഷകരുടെ പേരിലുള്ള വായ്പ ഒഴിവാകുന്നു.
കാലാവധി തീരുന്നതിന് മുൻപ് കുടിശിക വരാതെ പിആർഎസുകൾ അടച്ചുതീർക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായാണ് നെല്ല് സംഭരണത്തിന്റെ തുക കർഷകന് നൽകുന്നത്. മിക്കപ്പോഴും കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ പരാതി.

സിബിൽ സ്കോറിനെ ബാധിക്കുമോ?

സർക്കാർ ബാങ്കുകൾക്ക് കുടിശിക വരുത്തിയാൽ വായ്പാ കുടിശിക മൂലം കർഷകന്റെ സിബിൽ സ്‌കോർ കുറയും. കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ ഈ പ്രശ്‌നം വരുന്നില്ല. ഈ സാഹചര്യത്തിൽ പിആർഎസ് വായ്പ ഉള്ളപ്പോൾ കർഷകന് മറ്റ് ലോൺ കിട്ടാതിരിക്കുകയും ചെയ്യില്ല.

Story Highlights:KG Prasad suicide what is PRS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here