Advertisement

പ്രസാദിന്റേത് ആത്മഹത്യയല്ല; സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമെന്ന് കെ.കെ രമ

November 11, 2023
Google News 2 minutes Read
KK Rema against govt in Kuttanad farmer's suicide

ആലപ്പുഴ കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. പ്രസാദിന്റേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്നാണ് കെ കെ രമയുടെ വിമര്‍ശനം. കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന മാപ്പര്‍ഹിക്കാത്ത അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ് എന്നും നെല്ലുസംഭരണത്തിലും കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും എംഎല്‍എ കുറ്റപ്പെടുത്തി.(KK Rema against govt in Kuttanad farmer’s suicide)

മനുഷ്യന്‍ അനുഭവിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയും, നവകേരള സദസും കേരളീയവും കൊണ്ടാടി വര്‍ണാഭമാണ് കേരളമെന്ന് പറയുന്നത് അപഹാസ്യമാണ്. ധൂര്‍ത്തും ആഘോഷങ്ങളും മാത്രമായി ഒരു സര്‍ക്കാര്‍ സംവിധാനം അധ:പ്പതിച്ചുകൊണ്ടിരിക്കുന്ന ദുരന്തകാലത്ത് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം. സാധാരണക്കാരന്റെയും കര്‍ഷകന്റെയും കണ്ണീരില്‍ പണിയുന്ന പൊങ്ങച്ച ഗോപുരങ്ങള്‍ ഒരുനാള്‍ തകര്‍ന്നുവീഴുകതന്നെ ചെയ്യുമെന്ന് കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

കുട്ടനാട്ടില്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന കര്‍ഷകന്‍ കെ ജി പ്രസാദിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹി കൂടിയാണ് പ്രസാദ്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു കര്‍ഷകന്റെ ആത്മഹത്യ.

പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും സൂചിപ്പിച്ചാണ് പ്രസാദ് തന്റെ ആത്മഹത്യാക്കുറിപ്പെഴുതിയത്. വായ്പാ തിരിച്ചടവ് വൈകിയതോടെ പ്രസാദിന് മറ്റ് വായ്പകള്‍ കിട്ടാതെ വന്നത് കര്‍ഷകനെ വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടെന്നും ഇതില്‍ മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നുമാണ് വിവരം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ പ്രസാദ് തന്റെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Read Also: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ല; ഏറെ ഗൗരവതരമെന്ന് ഗവര്‍ണര്‍; സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പും മരിക്കുന്നതിന് മുന്‍പ് പ്രസാദ് തന്റെ വിഷമങ്ങള്‍ സുഹൃത്തിനോട് വിശദീകരിച്ച് കരയുന്ന ശബ്ദരേഖയും ട്വന്റിഫോറിന് ലഭിച്ചു. സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കത്തിലും ഫോണ്‍ കാളിലും പ്രസാദ് സൂചിപ്പിക്കുന്നുണ്ട്

Story Highlights: KK Rema against govt in Kuttanad farmer’s suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here