‘ലോക നന്മയ്ക്കായി ഒന്നിക്കേണ്ട സമയം’; ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മോദി
ഇസ്രയേലും പലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നന്മയ്ക്കായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഒന്നിക്കേണ്ട സമയമാണിത്. ചര്‍ച്ചയിലൂടെയും നയതന്ത്ര തലത്തിലും ഊന്നല്‍ നല്‍കി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വെർച്വൽ വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ‘പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നു. ലോക നന്മയ്ക്കായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഒന്നിക്കേണ്ട സമയമാണിത്’-പ്രധാനമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടന്നത് ക്രൂരമായ ഭീകരാക്രമണമാണ്. അതിന്റെ പേരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ദുഃഖകരമാണ്. അതിനെ ഇന്ത്യ അപലപിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. സംയമനം പാലിക്കുകയും ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുകയുമാണ് സംഘര്‍ഷ പരിഹാരത്തിന്റെ അടിസ്ഥാന ശിലകളാകേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Story Highlights: PM Modi Condemns Civilian Deaths In Gaza War
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here