വന്യമൃഗ ശല്യം മൂലം രണ്ടരയേക്കർ കൃഷിയുപേക്ഷിച്ചു; ജീവിതം വഴിമുട്ടിയ കർഷകൻ ആത്മഹത്യ ചെയ്തു
കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ആത്മഹത്യ ചെയ്തത് വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടർന്നെന്ന് കുടുംബം. ബുധനാഴ്ച ഉച്ചക്കാണ് പാലത്തുംകടവ്, മുടിക്കയം സ്വദേശി നടുവത്ത് സുബ്രമണ്യൻ ആത്മഹത്യ ചെയ്തത്. ക്യാൻസർ രോഗി ആയിരുന്ന സുബ്രമണ്യൻ പെൻഷൻ കൂടി മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.(Wild animal issue farmer committed suicide Kannur)
രണ്ടേക്കർ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പലായനം ചെയ്യണ്ടി വന്ന കർഷകനാണ് സുബ്രമണ്യൻ. ചോര വിയർപ്പാക്കി നട്ടു നനച്ചതൊക്കെയും കാട്ടാന നശിപ്പിച്ചു. ഒടുവിൽ വീടിന് നേരെയും കാട്ടനയുടെ ആക്രമണം ഉണ്ടായതോടെ എല്ലാം ഉപേക്ഷിച്ച് വാടക വീട്ടിലേക്കെത്തി. രണ്ടര വർഷമായി നാട്ടുകാർ ഏർപ്പാടാക്കിയ വാടകവീട്ടിൽ ആയിരുന്നു താമസം. വാടക വാങ്ങാതെയാണ് വീട്ടുടമ ഇവരെ താമസിപ്പിച്ചിരുന്നത്. എന്നാൽ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി തത്കാലം മാറി താമസിക്കാൻ കഴിഞ്ഞ ദിവസം വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാർ മറ്റൊരു വീട് തേടുന്നതിനിടെ സുബ്രഹ്മണ്യൻ ജീവിതം അവസാനിപ്പിച്ചു.
ക്യാൻസർ രോഗബാധിതനായിരുന്ന സുബ്രഹ്മണ്യന് വാർദ്ധക്യ കാല പെൻഷനായിരുന്നു ഏക വരുമാന മാർഗം. എന്നാൽ പെൻഷൻ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ലൈഫ് പദ്ധതിയിയിൽ വീടിനായി അപേക്ഷ നൽകിയിരുന്നെങ്കിലും സ്വന്തമായി രണ്ടേക്കർ ഭൂമിയുള്ളതിനാൽ നിരസിക്കപ്പെട്ടെന്നും ബന്ധുക്കൾ പറയുന്നു.
Story Highlights: Wild animal issue farmer committed suicide Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here