വിജയ് ഹസാരെ ട്രോഫി: കേരളത്തെ സഞ്ജു നയിക്കും, ശ്രേയാസ് ഗോപാലും സച്ചിൻ ബേബിയും ടീമിൽ

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ടീമിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ തന്നെയാണ് ക്യാപ്റ്റൻ. കർണാടകയിൽ നിന്ന് ഈ സീസണിൽ കേരളത്തിലെത്തിയ ശ്രേയാസ് ഗോപാലും വെറ്ററൻ ബാറ്ററും മുൻ ക്യാപ്റ്റനുമായ സച്ചിൻ ബേബിയും ടീമിൽ ഇടം പിടിച്ചു. പേസർമാരായ കെഎം ആസിഫ്, ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ എന്നിവരും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ഓൾറൗണ്ടർ വിനോദ് കുമാറും ടീമിലില്ല.
ഓപ്പണർ രോഹൻ കുന്നുമ്മലാണ് വൈസ് ക്യാപ്റ്റൻ. വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, അബ്ദുൽ ബാസിത്ത്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി തുടങ്ങിയവരൊക്കെ ടീമിലുണ്ട്.
വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള കേരള ടീം: സഞ്ജു സാംസൺ, വിഷ്ണു വിനോദ്, ശ്രേയാസ് ഗോപാൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി, അബ്ദുൽ ബാസിത്ത്, സിജോമോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അജ്നാസ് എം, അഖിൽ സ്കറിയ, ബേസിൽ എൻപി, അകിൻ സത്താർ, മിഥുൻ എസ്.
ഈ മാസം 23നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുക. ഗ്രൂപ്പ് എയിൽ കരുത്തരായ മുംബൈ, സൗരാഷ്ട്ര എന്നിവർക്കൊപ്പം ഒഡീഷ, റെയിൽവേയ്സ്, ത്രിപുര, സിക്കിം, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. 23ന് സൗരാഷ്ട്രയ്ക്കെതിരെ കേരളം ആദ്യ മത്സരം കളിക്കും. ഗ്രൂപ്പ് എ മത്സരങ്ങൾ ബെംഗളൂരുവിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് നടക്കുക.
സഞ്ജുവിനു കീഴിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ച കേരളം സെമി കളിച്ചിരുന്നു. സെമിയിൽ അസം കേരളത്തെ കീഴടക്കുകയായിരുന്നു.
Story Highlights: vijay hazare trophy kerala team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here