യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ്; സോഫ്റ്റുവയർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസിൻ്റെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. വ്യാജ ഐ.ഡി ഉണ്ടാക്കിയ ആപ്ലിക്കേഷൻ സൈബർ വിഭാഗം പരിശോധിച്ചു തുടങ്ങി. ഇന്നോ നാളെയോ അന്വേഷണ സംഘത്തിന് വിശദമായ റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് ലഭിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കും.
തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പരാതി നൽകിയവരെ കണ്ടെത്തി അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊലീസ് നോട്ടീസ് അയക്കും.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്‍റെ പരാതിയിലാണ് നിലവില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. വിത്ത് ഐവൈസി എന്ന അപ്ലിക്കേഷനിലൂടെയാണ് വോട്ടിംഗ് നടന്നത്. വ്യാജ കാർഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ്. ഈ കാർഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസി, അവരുടെ സെർവറിലെ വിവരങ്ങള്‍ പൊലീസിന് കൈമാറണം.
ഏജൻസിയുടെ വിശദാംശങ്ങൾ അടക്കം അറിയിക്കണെമന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് കത്ത് നൽകും. വിവരങ്ങള്‍ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള നടപടിയിലേക്ക് പൊലീസിന് കടക്കേണ്ടിവരും. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ ആപ്പ് ഗൂഗിളിലോ, ആപ്പിള്‍ പ്ലേ സ്റ്റോറിലോ ഉള്ളതല്ല. ഈ ആപ്ലിക്കേഷൻ വഴി ആരെല്ലാം വ്യാജ കാർഡുകളുണ്ടാക്കിയെന്ന അന്വേഷണവും സൈബർ സംഘം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Police started investigation youth congress fake identity card case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here