Advertisement

‘നിന്നെ കരയിച്ച് ഇവിടെ നിന്ന് ചവിട്ടി പുറത്താക്കും’; ഭിന്നശേഷിക്കാരിക്ക് ഹോസ്റ്റൽ റൂംമേറ്റിൽ നിന്ന് അവഹേളനം; താമസ സൗകര്യം നൽകാതെ അധികൃതർ; പിന്നാലെ മന്ത്രി ആർ.ബിന്ദുവിന്റെ ഇടപെടൽ

November 20, 2023
Google News 2 minutes Read
minister bindu intervenes in misriya pathetic plight

പ്രതിസന്ധിയിൽ താങ്ങായി ഒപ്പം നിൽക്കേണ്ട കോളജ് അധികൃതരിൽ നിന്നും റൂംമേറ്റിൽ നിന്നും ഭിന്നശേഷി വിദ്യാർത്ഥിക്ക് നേരിടേണ്ടി വന്നത് അതിക്രൂര സമീപനം. തലശേരി ബ്രണ്ണൻ കോളജിലെ പി.ജി വിദ്യാർത്ഥിയായ നഫീസത്തുൽ മിസ്രിയയ്ക്കാണ് ദുനരുഭവമുണ്ടായത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് കോളജ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ( minister bindu intervenes in misriya pathetic plight )

ബിരുദാനന്തര ബിരുദത്തിനായി കോളജിലെത്തിയ മിസ്രിയയ്ക്ക് കോളജ് അധികൃതർ താമസ സൗകര്യം നൽകിയിരുന്നില്ല. പഠനം ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞും താമസസൗകര്യം ഇല്ലാത്തതിനാൽ നാളുകളോളം മിസ്രിയ വീട്ടിലിരുന്നു. തുടർന്ന് ഹോസ്റ്റൽ ഓഫിസിലും ഹോസ്റ്റൽറെപ്പിനെയും മാറി മാറി വിളിച്ചതിന്റെ ഫലമായി ഓണാവധി കഴിഞ്ഞുള്ള തിങ്കളാഴ്ച്ച വന്നോളാൻ അധികൃതർ അറിയിച്ചു. തുടർന്ന് ഹോസ്റ്റലിൽ എത്തിയ മിസ്രിയയെ ഗൈഡ് ചെയ്യാനോ സഹായിക്കാനോ ആരും തന്നെ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല. ഹോസ്റ്റൽ റപ്പിന്റെ റൂമിൽ സാധനങ്ങൾ വച്ച് കോളേജിൽ പോയി വൈകിട്ട് മിസ്രിയ തിരിച്ചു വന്നിട്ടും റൂം ലഭ്യമായില്ല. തുടർന്ന് വെയിറ്റിംഗ് റൂമിലെ ബെഞ്ചിൽ വൈകീട്ട് ഏഴു മണിവരെ ഇരിക്കേണ്ട അവസ്ഥ ഉണ്ടായി. ഒരു റൂമിലേക്കും അക്കോമഡേറ്റ് ചെയ്യാൻ ഹോസ്റ്റൽ അധികൃതർ തയ്യാറായില്ല. തുടർന്ന് കോളേജ് അധികാരികളെ അറിയിച്ചപ്പോൾ ഏതെങ്കിലും റൂമിൽ കയറിക്കോളാനുള്ള അനുമതി ലഭിച്ചു. പക്ഷേ ബിരുദകാലത്ത് താമസിച്ച ടോയ്‌ലറ്റിന് അരികിലെ റൂമിൽ താമസിക്കാൻ അനുവദിച്ചില്ല. കുട്ടികൾ കൂടുതലാണ് എന്നതായിരുന്നു കാരണം. ഭിന്നശേഷി വിദ്യാർത്ഥിക്ക് അനുയോജ്യമായ മുറി ലഭ്യമാക്കേണ്ടത് കോളജിന്റെയും ഹോസ്റ്റലിന്റേയും ഉത്തരവാദിത്തമാണ്. ഇതിനായി ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത മറ്റ് കുട്ടികളെ മറ്റ് മുറികളിലേക്ക് മാറ്റി താമാസിപ്പിച്ച് മിസ്രിയയ്ക്ക് വേണ്ട സൗകര്യമൊരുക്കാൻ ഹോസ്റ്റൽ അധികൃതർക്ക് അനായാസം സാധിക്കുമായിരുന്നിട്ടും അത് ചെയ്തില്ല.

ഇതിന് പുറമെ റൂം മേറ്റിൽ നിന്ന് മിസ്രിയയ്ക്ക് കുത്തുവാക്കുകൾ കേൾക്കേണ്ടിയും വന്നു. മിസ്രിയയെ കരയിച്ച് ഹോസ്റ്റലിൽ നിന്ന് കുടിയിറക്കുമെന്നും കൊല്ലുമെന്നും വരെ ഭീഷണിയുണ്ടായിരുന്നു. ‘നിനക്കും നിന്റെ വീട്ടുകാർക്കും മാനസികമാണ്. മാതാപിതാക്കൾക്ക് മാനസികമാകുന്നത് ഡിസേബിൾഡ് ആയ നീ ഉള്ളതുകൊണ്ടാണ്, നിന്നെ കാണുമ്പോൾ അറപ്പും കലിയുമാണ്’- മിസ്രിയയോട് റൂംമേറ്റ് പറഞ്ഞ വാക്കുകളാണ് ഇത്. പരാതി നൽകിയാൽ പൊലീസ് സ്റ്റേഷനിൽ മിസ്രിയയ്ക്ക് കാമുകനുണ്ടെന്ന് പറയുമെന്നും റൂംമേറ്റ ഭീഷണിപ്പെടുത്തി.

മിസ്രിയയുടെ ദുരവസ്ഥ വിവരിച്ചുകൊണ്ട് ഷാദിയ പി.കെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. പിന്നാലെ നിരവധി പേർ മിസ്രിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നു. താമസ സൗകര്യം ഒരുക്കൂന്നതിൽ അനാസ്ഥ കാണിച്ച കോളെജ് അധികാരികൾക്ക് എതിരെയും നിരന്തരം മാനസികമായി പീഡീപ്പിച്ച വിദ്യാർത്ഥികൾക്ക് എതിരെയും കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇത് ശ്രദ്ധയിൽപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കോളജ് പ്രിൻസിപ്പലിനും ഹോസ്റ്റൽ വാർഡനും നിർദേശം നൽകുകയായിരുന്നു.

Story Highlights: minister bindu intervenes in misriya pathetic plight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here