മഴയിൽ മുങ്ങി കളി; മുംബൈക്കെതിരെ കേരളത്തിന് തോൽവി

വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെൻറെിൽ കേരളത്തിന് തോൽവി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ വിജെഡി മഴ നിയമപ്രകാരം മുംബൈയ്ക്ക് ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 49.1 ഓവറിൽ 231 റൺസിന് ഓൾഔട്ടായിരുന്നു. സച്ചിൻ ബേബിയുടെ(104) സെഞ്ച്വറിയും ക്യപ്റ്റൻ സഞ്ജുവിന്റെ(55) ഫിഫ്റ്റിയുമാണ് കേരളത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മുംബൈ 24.2 ഓവറിൽ 160-2ൽ നിൽക്കെ മഴമൂലം കളി തടസപ്പെടുകയായിരുന്നു. അങ്ക്റിഷ് രഘുവംശിയുടെ അർധസെഞ്ചുറിയും(47പന്തിൽ 57), ജേ ബിസ്ത(30), സുവേദ് പാർക്കർ(27), ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ(20 പന്തിൽ 34) എന്നിവരുടെ ബാറ്റിംഗ് കരുത്തുമാണ് മുംബൈക്ക് ജയമൊരുക്കിയത്.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീൻ (9), രോഹൻ കുന്നുമ്മൽ (1) എന്നിവർ തുടക്കത്തിലെ മടങ്ങിയതോടെ രണ്ടിന് 12 എന്ന നിലയിലായി കേരളം. പിന്നാലെ മൂന്നാം വിക്കറ്റിൽ 126 റൺസ് കൂട്ടിചേർത്ത് സഞ്ജു സാംസൺ – സച്ചിൻ ബേബി സഖ്യം കേരളത്തെ കരകയറ്റി. നാലു ഫോറും രണ്ടു സിക്സും സഹിതം 83 പന്തിൽ 55ലെത്തിയ സഞ്ജുവിനെ ദേശ്പാണ്ഡ വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്ന് വിഷ്ണു വിനോദിനെ (20) കൂട്ടുപിടിച്ച് സചിൻ ഇന്നിങ്സ് മുന്നോട്ടുനയിച്ചെങ്കിലും മോഹിത് അവസ്തിയുടെ പന്തിൽ വിഷ്ണു പുറത്തായി.
പിന്നീട് വന്ന അബ്ദുൾ ബാസിത് (12), അഖിൽ സ്‌കറിയ (6), ശ്രേയസ് ഗോപാൽ (7), ബേസിൽ തമ്പി (2), അഖിൻ സത്താർ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ബേസിൽ എൻ പി (4) പുറത്താവാതെ നിന്നു .ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ കേരളം മൂന്ന് വിക്കറ്റിന് തകർത്തിരുന്നു. രണ്ട് കളികളിൽ ഒരു ജയവുമായി ഗ്രൂപ്പ് എയിൽ ആറാം സ്ഥാനത്താണ് കേരളം. രണ്ട് കളികളിൽ നാലു പോയൻറുള്ള മുംബൈയാണ് ഒന്നാമത്.
Story Highlights: Vijay Hazare Trophy Mumbai beat Kerala by eight wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here