വെറും രണ്ട് പന്തുകളിൽ മാറിമറിഞ്ഞ ജീവിതം; മുകേഷ് കുമാർ അടുത്ത ഷമി ആവാൻ സാധ്യതയെന്ന് ആർ അശ്വിൻ

പേസർ മുകേഷ് കുമാറിനെ പുകഴ്ത്തി സ്പിന്നർ ആർ അശ്വിൻ. വിശാഖപട്ടണത്ത് ഓസ്ട്രേലിയക്കെതിരെ നടന്ന ആദ്യ ടി-20യിൽ അവിസ്മരണീയ ഡെത്ത് ഓവർ ബൗളിംഗ് കാഴ്ചവച്ച മുകേഷ് അടുത്ത ഷമി ആവാൻ സാധ്യതയയുണ്ടെന്ന് അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മത്സരത്തിൽ നാലോവർ എറിഞ്ഞ മുകേഷ് വെറും 29 റൺസാണ് വിട്ടുനൽകിയത്. അവസാന ഓവറിൽ അദ്ദേഹം വിട്ടുനൽകിയത് വെറും അഞ്ച് റൺസ്.
ഷമിയുടേതിനു സമാനമായ പൊക്കവും ശരീരവും റിസ്റ്റ് പൊസിഷനുമാണ് മുകേഷിൻ്റേത് എന്ന് അശ്വിൻ പറയുന്നു. സീം അലൈന്മെൻ്റ് വളരെ സ്ട്രെയിറ്റ് ആണെന്നും ഇത് ഷമിയുടേതിനു സമാനമാണെന്നും അശ്വിൻ വിലയിരുത്തുന്നു. ആദ്യ ഘട്ടത്തിൽ മുഹമ്മദ് സിറാജ് ഷമിയെപ്പോലെയാണെന്ന് കരുതി. എന്നാൽ, ഇപ്പോൾ മുകേഷ് കുമാർ അങ്ങനെയാണെന്ന് തോന്നുന്നു.
ബംഗാളിൽ നടന്ന ഒരു ടാലൻ്റ് ഹണ്ടിലാണ് മുകേഷ് കുമാർ എന്ന ബൗളർ ശ്രദ്ധ നേടുന്നത്. വഖാർ യൂനിസ്, വിവിഎസ് ലക്ഷ്മൺ, മുത്തയ്യ മുരളീധരൻ എന്നിവരെ ബന്ധപ്പെട്ട സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനു കീഴിൽ ടാലൻ്റ് ഹണ്ട് നടത്തി. എന്നാൽ, തൻ്റെ പേര് വിളിക്കുമ്പോൾ മുകേഷ് കുമാർ ശൗചാലയത്തിലായിരുന്നു. തിരികെവന്ന് അര മണിക്കൂറോളം കാത്തുനിന്നെങ്കിലും പേര് വിളിച്ചില്ല. പോകാൻ നേരത്ത് വഖാർ യൂനിസ് മുകേഷിനെ കണ്ടു. പന്തെറിയാൻ ആവശ്യപ്പെട്ടു. ആ രണ്ട് പന്ത് മുകേഷിൻ്റെ ജീവിതം മാറ്റിമറിച്ചു എന്നും അശ്വിൻ പറഞ്ഞു.
Story Highlights: mohammed shami mukesh kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here