‘ടീമിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം’; സഞ്ജുവിന്റെ തിരിച്ചുവരവിൽ എ.ബി ഡിവില്ലിയേഴ്സ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുകയാണ് മലയാളി താരം സഞ്ജു സാംസൺ. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ശുഭ്മാൻ ഗിൽ എന്നിവർക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ ടീമിനെ കെ.എൽ രാഹുലായിരിക്കും നയിക്കുക.
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ തുടർച്ചയായി അവഗണിച്ചതിന് സെലക്ടർ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലും താരത്തെ അവഗണിച്ചതോടെ ആരാധക രോഷം അണപൊട്ടി. എന്തായാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിൽ എല്ലാ കണ്ണുകളും സാംസണിലാണ്.
അതിനിടെ സഞ്ജുവിന്റെ തിരിച്ചുവരവിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് രംഗത്തെത്തി. തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സഞ്ജുവിനെ ടീമിൽ കാണുന്നത് വളരെ സന്തോഷകരമാണ്. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ അദ്ദേഹം ആസ്വദിക്കും. തലയുയർത്തി ബാറ്റ് ചെയ്യുന്ന താരമാണ് സഞ്ജു. വിക്കറ്റുകൾക്ക് കുറച്ച് ബൗൺസും ചലനവുമുണ്ട്, എല്ലാ ബാറ്ററുകളും പരീക്ഷിക്കപ്പെടും’- എബിഡി പറഞ്ഞു.
‘ഈ വിക്കറ്റിൽ സഞ്ജുവിനെപ്പോലൊരാൾ നന്നായി ബാറ്റ് ചെയ്യുമെന്ന് ഞാൻ കരുതുന്നു. കൂടാതെ വിക്കറ്റിന് പിന്നിൽ ഒരു മികച്ച കീപ്പർ കൂടിയാണ് അദ്ദേഹം’- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
Story Highlights: AB de Villiers reacts to Sanju Samson’s return to Team India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here