കൊല്ലം കിഡ്‌നാപ്പിംഗ്: പത്മകുമാറിനുണ്ടായിരുന്നത് 5 കോടിയുടെ ബാധ്യത, കടുംകൈ ചെയ്തത് കടംവീട്ടാനെന്ന് മൊഴി

കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ താനും കുടുംബവും തട്ടിക്കൊണ്ടുപോകാന്‍ കാരണം തന്റെ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പ്രതി പത്മകുമാര്‍. തനിക്ക് അഞ്ച് കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. തന്റെ വസ്തുവിറ്റാല്‍ ആറ് കോടി കിട്ടുമെങ്കിലും വസ്തുവില്‍ക്കാന്‍ സാധിക്കാതെ വന്നതിനാലാണ് പത്ത് ലക്ഷത്തിന് വേണ്ടി ഈ കൃത്യം ചെയ്തതെന്നാണ് പത്മകുമാര്‍ പറയുന്നത്. എന്നാല്‍ ഈ കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കുറ്റകൃത്യത്തിന്റെ പ്രേരണയെക്കുറിച്ച് പത്മകുമാര്‍ പറയുന്ന കാര്യങ്ങളില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നു. (Kollam kidnapping case Padmakumar’s statement details)
നെടുങ്കോലം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാതെ പത്മകുമാറും കുടുംബവും ബുദ്ധിമുട്ടിയിരുന്നെന്നും വിവരമുണ്ട്. തന്റെ ഫാം ഹൗസ് പണയപ്പെടുത്തിയാണ് ഇയാള്‍ വായ്പയെടുത്തിരുന്നത്. തട്ടിക്കൊണ്ടുപോയ ദിവസം കുട്ടിയെ പാര്‍പ്പിച്ചിരുന്നതും ഇതേ ഫാം ഹൗസിലാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇയാള്‍ ചില ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടിയതായും സൂചനയുണ്ട്. എന്നാല്‍ 10 ലക്ഷം രൂപ കണ്ടെത്താന്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാമെന്ന് തീരുമാനിച്ച യുക്തി പൊലീസിന് മനസിലാകുന്നില്ല. അതിനാല്‍ തന്നെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ് പൊലീസ്.
Read Also: 80 ലക്ഷം രൂപയുടെ ഭാഗ്യം ആര്‍ക്ക്? അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം
പത്മകുമാര്‍ ബി ടെക് റാങ്ക് ഹോള്‍ഡറാണെന്ന് ചില അയല്‍വാസികള്‍ പറയുന്നുണ്ട്. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജിലാണ് ഇയാള്‍ പഠിച്ചിരുന്നത്. യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ഇയാള്‍ ചാത്തന്നൂരില്‍ ഒരു ബേക്കറി നടത്തിവരികയായിരുന്നു.
ആരുമായും അധികം സഹകരണമില്ലാത്തയാളാണ് പത്മകുമാറെന്നാണ് ചില അയല്‍വാസികള്‍ ട്വന്റിഫോറിനോട് പറഞ്ഞത്. വീട്ടിലേക്ക് അധികമാകും കയറാതിരിക്കാന്‍ നിരവധി പട്ടികളെ വളര്‍ത്തിയിരുന്നു. കേബിള്‍ നെറ്റ്വര്‍ക്ക് നല്‍കുന്ന ബിസിനസും ഇയാള്‍ നടത്തിവന്നിരുന്നു. ഇങ്ങനെയൊരു കുറ്റകൃത്യം ഇയാള്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇയാളുടെ അയല്‍വാസികള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Kollam kidnapping case Padmakumar’s statement details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here