Advertisement

‘ശിവരാജ തന്ത്രം’; മധ്യപ്രദേശിൽ താമര വിരിയിക്കുന്ന ‘മാമാജി’ ഫാക്ടര്‍

December 3, 2023
Google News 2 minutes Read
Madhya Pradesh elections: ‘Main Shivraj Hoon’: The Mamaji who never gave up

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ബിജെപിക്ക് ഭരണ തുടർച്ചയുണ്ടാകുമെന്ന കാര്യം ഉറപ്പാറയി കഴിഞ്ഞു. 162 സീറ്റുകളിൽ വ്യക്തമായ ലീഡോടെയാണ് ബിജെപി മുന്നേറുന്നത്. സർവേ ഫലങ്ങൾ കോൺഗ്രസിന്റെ മുന്നേറ്റം പ്രവചിച്ച സംസ്ഥാനത്താണ് താമരയുടെ ഈ ജയമെന്നതും ശ്രദ്ധേയം. കാവി പാർട്ടി മറ്റൊരു വിജയത്തിലേക്ക് കുതിക്കുമ്പോൾ ശിവരാജ് സിംഗ് ചൗഹാന്റെ പങ്ക് തള്ളിക്കളയാനാവില്ല.

നാലു തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ചൗഹാന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഫലം കണ്ടു എന്നതിന്റെ തെളിവാണ് മധ്യപ്രദേശ് ഫലം. തെരഞ്ഞെടുപ്പിൽ ബിജെപിയെ മുന്നിൽ നിന്ന് നയിച്ചത് അദ്ദേഹമായിരുന്നു. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിൽ കുതിർന്ന ബിജെപിയുടെ പ്രചരണ തന്ത്രങ്ങളിൽ നിന്ന് മാറി സ്വന്തം ഭരണനേട്ടങ്ങൾ കൂടി ഊന്നിപ്പറഞ്ഞാണ് ചൗഹാൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

‘ദി ലാഡ്‌ലി ഷോ’ എന്ന പരിപാടിയിലൂടെ, ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച, സ്വർണ്ണമെഡൽ ജേതാവായ എംഎ വിദ്യാർത്ഥിയായിരുന്ന ചൗഹാനിൽ നിന്ന് സംസ്ഥാനത്തെ സ്ത്രീകൾക്ക് അവരുടെ മാമാജി (അമ്മാവൻ) ആയിമാറിയ മുഖ്യമന്ത്രി ചൗഹാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയ വേളയിൽ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ യൂട്യൂബ് ചാനലിലൂടെയുള്ള പരിപാടി. വാസ്‌തവത്തിൽ, സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിച്ചുള്ളതായിരുന്നു ചൗഹാന്റെ പ്രചരണ തന്ത്രം.

സർക്കാർ ജോലികൾക്ക് 35 ശതമാനം സംവരണം ഉൾപ്പടെ സ്ത്രീ പ്രാതിനിധ്യം ഉയർത്തിയുള്ള നിരവധി പദ്ധതി പ്രഖ്യാപനങ്ങളും ചൗഹാന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലുണ്ടായിരുന്നു. ചൗഹാൻ വോട്ടർമാരോട് ഒരുവേള വൈകാരികമായി സംസാരിക്കുന്നതും നാം കണ്ടതാണ്. താൻ ഇല്ലാത്ത അവസ്ഥയിൽ തന്നെ അവർക്ക് മിസ്സ് ചെയ്യുമെന്ന് പോലും അദ്ദേഹം പറഞ്ഞു. ബുർഹാൻപൂരിലെ ഒരു പരിപാടിയിൽ, സ്ത്രീകൾക്കായി ഉദ്ദേശിച്ചിട്ടുള്ള ലാഡ്‌ലി ബെഹ്‌ന യോജനയുടെ 597 കോടി രൂപയുടെ ഗഡു പുറത്തിറക്കിയപ്പോൾ ചൗഹാൻ രണ്ട് സ്ത്രീകളുടെ പാദങ്ങൾ കഴുകി.

ദ ലാഡ്ലി ഷോയിൽ, മറ്റ് ചില ഉന്നത നേതാക്കളിൽ നിന്ന് വ്യത്യസ്തമായി താൻ ഒരു കുടുംബനാഥൻ ആണെന്ന് ചൗഹാന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ 5.52 കോടി വോട്ടർമാരിൽ 48 ശതമാനത്തിലധികം വരുന്ന 2.67 കോടി സ്ത്രീകൾ സംസ്ഥാനം തനിക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ഉറച്ചു വിശ്വസിച്ചു. 230 അസംബ്ലി സീറ്റുകളിൽ 18 എണ്ണത്തിലെങ്കിലും സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത് നിർണായകമാണ്.

മധ്യപ്രദേശ് പ്രചാരണവേളയിൽ നടത്തിയ റാലികളിൽ ചൗഹാന്റെ ‘ഞാനും-എന്റെയും’ പ്രചാരണം വളരെ ശ്രദ്ധേയമായിരുന്നു. സെപ്റ്റംബർ 26 ന്, ഭോപ്പാലിൽ നടന്ന ഒരു റാലിയിൽ, ഒരിക്കൽ പോലും മുഖ്യമന്ത്രിയെ പരാമർശിക്കാതെ മോദി ഒരു നീണ്ട പ്രസംഗം നടത്തി. ചൗഹാനെ നിശബ്ദനായി അരികിൽ ഇരുത്തിയായിരുന്നു മോദിയുടെ പ്രസംഗം. ഇത് വലിയ ചർച്ചയായി മാറി. കോൺഗ്രസ് പ്രചരണങ്ങളെ അതിജീവിച്ച്, സ്വന്തം പാർട്ടിയിൽ നിന്ന് പോലും വേണ്ട പിന്തുണയില്ലാതെയാണ് ചൗഹാൻ ബിജെപിക്ക് തിളക്കമാർന്ന ജയം സമ്മാനിച്ചത്. ഇക്കുറി ഭരണത്തിലേറുമ്പോൾ ശിവരാജ് മുഖ്യമന്ത്രിയാകുമോ എന്നതിൽ തീരുമാനമായിട്ടില്ല.

Story Highlights: Madhya Pradesh elections: ‘Main Shivraj Hoon’: The Mamaji who never gave up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here