Advertisement

തമ്മിലടിയും ചെളിവാരിയെറിയലും, മുഖ്യമന്ത്രിയുടെ അഴിമതിയുള്ള ചുവന്ന ഡയറിയും?; ജാദൂഗര്‍ ഗെഹ്ലോട്ടിന് പാളിയ മേഖലകള്‍

December 3, 2023
Google News 2 minutes Read
Reasons for congress defeat in Rajasthan election 2023

സര്‍ക്കാരുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കേരളം പോലൊരു മനസാണ് രാജസ്ഥാനുമുള്ളത്. ഭരണത്തുടര്‍ച്ച നല്‍കാതെ മുന്നണികളെ മാറിമാറി പരിശോധിക്കുകയാണ് രാജസ്ഥാന്റെ ശീലം. എന്നാല്‍ കേരളത്തില്‍ പിണറായി വിജയന് സാധിച്ചത് പോലെ ഒരു തുടര്‍ഭരണമുണ്ടാക്കാന്‍ ജാദൂഗര്‍ അശോക് ഹെഹ്ലോട്ടിന് സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. ക്ഷേമപദ്ധതി പ്രഖ്യാപനങ്ങള്‍ ഫലം കണ്ടില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിയും റെഡ് ഡയറി അഴിമതിയും ശക്തമായ ഭരണവിരുദ്ധ വികാരവും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹത്തെ തെരഞ്ഞെടുപ്പ് വിഷയമായി പരമാവധി ഉയര്‍ത്തിക്കാട്ടുന്നതില്‍ ബിജെപി വിജിച്ചുവെന്ന് കൂടി പുറത്തെത്തുന്ന ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്. ചരിത്രപരമായ ഭരണത്തുടര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസിനെ പറിച്ചെറിഞ്ഞ, കോണ്‍ഗ്രസിന്റെ ബലഹീനതയായ ചില വിഷയങ്ങള്‍ പരിശോധിക്കാം. ( Reasons for congress defeat in Rajasthan election 2023)

പരസ്പരം ചെളിവാരിയെറിയല്‍, തമ്മിലടി

രാജസ്ഥാനെ സംബന്ധിച്ച് പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികളിലും ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായിരുന്നു. എന്നിരിക്കിലും ബിജെപിയ്ക്കുള്ളില്‍ വസുന്ധരരാജെ സിന്ധ്യയുമായുള്ള ഇടയല്‍ വലിയ ചര്‍ച്ചയാകാതെ സൂക്ഷിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞെങ്കിലും ഗെഹ്ലോട്ട്-പൈലറ്റ് പോര് രാജ്യത്താകെ കോണ്‍ഗ്രസി
ന്റെ ഇമേജ് കളഞ്ഞുകുളിക്കുന്ന വിധത്തിലേക്കെത്തി. വസുന്ധരരാജെയെ അധികം വാതുറക്കാന്‍ അവസരം നല്‍കാതെ ഈ കുറവിനെ മോദിയുടെ വ്യക്തിപ്രഭാവം കൊണ്ട് അടച്ചുകളയാന്‍ ബിജെപിയ്ക്ക് വളരെ നന്നായി സാധിച്ചു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി പിണക്കം മറന്ന് ഗെഹ്ലോട്ടും സച്ചിനും ഒന്നിച്ചെങ്കിലും മുറുമുറുപ്പികള്‍ കെട്ടടങ്ങിയിരുന്നില്ല. ഗെഹ്ലോട്ടിന്റെ അടുത്ത സഹായിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഡാനിഷ് അബ്രാര്‍ സ്വന്തം സവായ് മധോപൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോള്‍ സച്ചിന്‍ പൈലറ്റിനെതിരെ അധിക്ഷേപമുദ്രാവാക്യം വിളിച്ചതും രാഷ്ട്രീയ വിവാദമായി.

ക്ഷേമ വാഗ്ദാനങ്ങള്‍ പാളി

25 ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വരെയുണ്ടായിരുന്നു കോണ്‍ഗ്രസിന്റെ ക്ഷേമപ്രഖ്യാപനങ്ങളില്‍. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ അടിത്തട്ടിലേക്ക് എത്തിക്കുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. പ്രചാരണ വേളയില്‍ ക്ഷേമ പ്രഖ്യാപനങ്ങള്‍ക്ക് പകരം സാധാരണ ജനങ്ങളോട് രാഹുലും പ്രിയങ്കയുമൊക്കെ സംസാരിച്ചത് അദാനിയും മോദിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നു എന്ന തരത്തില്‍ ബിജെപിയ്ക്ക് നല്ല രീതിയില്‍ പ്രചാരണം നടത്താനായി.

ക്രമസമാധാന തകര്‍ച്ച

ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടാകാനുള്ള ഒരു കാരണം രാജസ്ഥാനില്‍ ക്രമസമാധാനം തകര്‍ന്നെന്ന പ്രചാരണമാണ്. ജലോറില്‍ കലത്തിലെ വെള്ളം കുടിച്ചെന്നാരോപിച്ച് ദളിത് ബാലനെ അധ്യാപകന്‍ തല്ലിക്കൊന്നതും ആള്‍വാറില്‍ കള്ളനെന്ന് സംശയിച്ച് ആള്‍ക്കൂട്ടം കച്ചവടക്കാരനെ മര്‍ദിച്ചതും വലിയ വാര്‍ത്തയായിരുന്നു. ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചത് ഭരണവിരുദ്ധ വികാരം തീവ്രമാക്കി.

റെഡ് ഡയറിയും മറ്റ് അഴിമതികളും

സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ പേപ്പര്‍ ചോര്‍ച്ചയും റെഡ് ഡയറി ആരോപണവും കോണ്‍ഗ്രസിനെ രാജസ്ഥാനില്‍ വളരെ വെള്ളം കുടിപ്പിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് ദോട്ടസാരയ്ക്കും അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.


കോണ്‍ഗ്രസ് ഭരണകാലത്ത് 14 പരീക്ഷാ ചോദ്യപേപ്പറുകളെങ്കിലും ചോര്‍ന്നെന്നായിരുന്നു ബിജെപി ആരോപണം. 2021-ല്‍, രാജസ്ഥാന്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയ്ക്കിടെ കോപ്പിയടിക്കുന്നത് തടയാന്‍, സര്‍ക്കാര്‍ രാജസ്ഥാനിലുടനീളം ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത് വലിയ വിവാദത്തിന് കാരണമായി. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹായികളും ഉള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ വിശദമാക്കുന്ന റെഡ് ഡയറി തന്റെ പക്കലുണ്ടെന്ന് മുന്‍ മന്ത്രി രാജേന്ദ്ര ഗുധ അവകാശപ്പെട്ടതോടെ ഗെലോട്ട് സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ബിജെപി ഒന്നുകൂടി ഉച്ചത്തില്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയതും ജാദൂഗര്‍ ഗെഹ്ലോട്ടില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമായി.

Story Highlights: Reasons for congress defeat in Rajasthan election 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here