വോട്ടെണ്ണൽ വേളയിൽ കോൺഗ്രസ് അധ്യക്ഷനെ സന്ദർശിച്ച് പൂച്ചെണ്ട് നൽകി; തെലങ്കാന ഡിജിപിക്ക് സസ്പെൻഷൻ

തെലങ്കാന പൊലീസ് ഡയറക്ടർ ജനറലിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വേളയിൽ വിജയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ച് പൂച്ചെണ്ട് നൽകിയതിന് പിന്നാലെയാണ് നടപടി. അഞ്ജനി കുമാർ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ.
സംസ്ഥാന പൊലീസ് മേധാവി അഞ്ജനി കുമാറും പൊലീസ് നോഡൽ ഓഫീസറുമായ സഞ്ജയ് ജെയ്‌നും തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരാർത്ഥിയായ അനുമുല രേവന്ത് റെഡ്ഡിയെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് കണ്ടിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ റെഡ്ഡിയെ പുഷ്പ ബൊക്കെ നൽകി അഭിവാദ്യം ചെയ്യുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിടുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെലങ്കാന ഡിജിപിയെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് തെലങ്കാന ചീഫ് സെക്രട്ടറി എ ശാന്തികുമാരിക്ക് കമ്മീഷൻ കത്തയച്ചു. സംഭവത്തിൽ അഞ്ജനി കുമാറിനോടും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരോടും കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥികളിൽ ഒരാളെ ഡിജിപി കണ്ടത് പ്രത്യേക താൽപര്യം നേടാനുള്ള ദുരുദ്ദേശ്യത്തിന്റെ സൂചനയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു.
Story Highlights: Telangana top cop suspended, met Revanth Reddy with bouquet before result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here