വസുന്ധരരാജ സിന്ധ്യ; ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ രാജകുമാരി?

ഈ തെരഞ്ഞെടുപ്പിന് വസുന്ധരരാജെ സിന്ധ്യ നാമനിര്‍ദേശപത്രിക കൊടുക്കാന്‍ വൈകിയ വേളയില്‍, രാജസ്ഥാന്‍ ബിജെപിയുടെ കരുത്തുറ്റ രാജകുമാരി രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയര്‍ ചെയ്‌തോയെന്ന് കുറേയധികം പേര്‍ സംശയിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സമയപരിധി അവസാനിക്കുന്നതിന് മുന്‍പായി വസുന്ധരരാജെ തന്റെ നോമിനേഷന്‍ നല്‍കി. താന്‍ എവിടേയും പോകുന്നില്ലെന്ന് ഉറച്ചുപറഞ്ഞു. എന്നാല്‍ രാജസ്ഥാന്‍ ബിജെപിയുടെ ക്രൗഡ് പുള്ളറായ വസുന്ധരരാജെയെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നേതൃസ്ഥാനത്ത് അധികം കണ്ടില്ല. തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചതും ഫോക്കസ് കിട്ടിയതും രാജസ്ഥാനിലെത്തിയ നരേന്ദ്രമോദിയ്ക്കായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതും തന്ത്രങ്ങള്‍ മെനഞ്ഞതും അമിത് ഷാ. പകരക്കാരില്ലാത്ത, പാന്‍ രാജസ്ഥാന്‍ നേതാവ്, ഇന്ത്യയാകെ നന്നായറിയുന്ന വസുന്ധര രാജെ അധികമൊന്നും ഫില്‍ ചെയ്യാത്ത ആ ശൂന്യയിടം അവിടെ തന്നെ അവശേഷിച്ചു. വസുന്ധരരാജെ എല്ലായിടത്തുമുണ്ട്, പക്ഷേ രാജസ്ഥാന്റെ സ്റ്റാര്‍ തന്നെയായ അവര്‍ക്ക് ഇത്തവണ ഫോക്കസ് ലഭിക്കുന്നില്ല. വസുന്ധരയ്ക്ക് പകരക്കാരെ കണ്ടെത്താന്‍ ബിജെപിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായ മോദി പ്രഭാവത്തില്‍ രാജസ്ഥാന്റെ രാജകുമാരിയുടെ പ്രഭ മങ്ങുന്ന കാഴ്ചയാണ് ഇത്തവണ രാജ്യം കണ്ടത്. (Vasundhara Raje could sway BJP’s move in Rajasthan)
രണ്ടുവണ രാജസ്ഥാന്റെ മുഖ്യമന്ത്രിയായിട്ടുള്ള വസുന്ധരരാജെ സിന്ധ്യ ശക്തമായ ജനകീയ അടിത്തടയുള്ള നേതാവാണ്. അര്‍ജുന്‍ റാം മേഘ്വാള്‍, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സതീഷ് പുനിയ, സി പി ജോഷി, ഓം ബിര്‍ള തുടങ്ങി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ആരും തന്നെ സ്വന്തം മണ്ഡലത്തിന് അപ്പുറത്ത് കാര്യമായ സ്വാധീനം ചെലുത്താനാകുന്നവരല്ല. രാജസ്ഥാനിലാകെ സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് സമ്മതിദാനത്തിനുള്ള നിര്‍ണായകശക്തിയാകാന്‍ സാധിക്കുന്ന രാജസ്ഥാനിലെ ഏക നേതാവ് വസുന്ധരരാജെ മാത്രമാണ്. രാജസ്ഥാനിലെ യോഗി ആദിത്യനാഥായി ബിജെപി വളര്‍ത്തിക്കൊണ്ടുവരുന്ന ഹിന്ദു നേതാവ് മഹാന്ത് ബാലാക്‌നാഥിനാകട്ടെ ശക്തമായ ജനകീയ അടിത്തറ അവകാശപ്പെടാനുമാകില്ല.
2003 മുതല്‍ ജാലപട്ടന്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് വസുന്ധര രാജെ വിജയിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ അവര്‍ 54 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവ് മാനവേന്ദ്ര സിംഗിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. ഗെഹ്ലോട്ട് വേഴ്‌സസ് വസുന്ധരരാജെ എന്ന മുന്‍കാലങ്ങളിലെ പ്രചാരണം ഇത്തവണ വേണ്ടെന്നാണ് ബിജെപി തീരുമാനിച്ചിരുന്നത്. ഇലക്ഷന്‍ കാലത്ത് ടി വി ചാനലുകള്‍ക്ക് കൊടുക്കുന്ന ബൈറ്റുകള്‍ വരെ വസുന്ധര രാജെ രണ്ട് മിനിറ്റില്‍ താഴെയാക്കി ഒതുക്കി. തീപ്പൊരി പ്രസംഗങ്ങളൊന്നും ഇത്തവണ തെരഞ്ഞെടുപ്പുറാലികളില്‍ വസുന്ധരരാജെയില്‍ നിന്നുണ്ടായില്ല.
മഹാന്ത് ബാലാക്‌നാഥിന്റേയും അശ്വിനി വൈഷ്ണവിന്റേയും ഭൂപേന്ദ്രര്‍ യാദവിന്റേയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നതുപോലെ ഇത്തവണ എന്തുകൊണ്ട് വസുന്ധര രാജെയുടെ പേരുകള്‍ കേട്ടില്ലെന്ന് ചോദിച്ചാല്‍ അതിന് നിരവധി കാരണങ്ങളുണ്ട്. കുറച്ചുകാലമായി വസുന്ധര രാജെ ബിജെപി കേന്ദ്രനേതൃത്വവുമായി അത്ര രസത്തിലല്ലെന്നത് പരസ്യമായ രഹസ്യമാണ്. സ്ഥാനങ്ങളില്‍ നിന്ന് ഇവര്‍ പടിപടിയായി നീക്കം ചെയ്യപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മതത്തോടെയുള്ള തീരുമാനമാണെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ മുറുമുറുപ്പുണ്ട്.
പാര്‍ട്ടിയ്ക്കകത്തുനിന്നുള്ള പുരുഷാധിപത്യത്തെ വെല്ലുവിളിക്കുന്ന പൊതു, സ്വകാര്യ ജീവിതങ്ങള്‍, പലപ്പോഴിും കാട്ടുന്ന അനുസരണയില്ലായ്മ മുതലാവയാണ് പാര്‍ട്ടിയ്ക്കകത്ത് വസുന്ധരരാജെയെ അനഭിമതയാക്കുന്നത്. എന്നാല്‍ പാന്‍ രാജസ്ഥാനില്‍ വലിയ വ്യക്തിപ്രഭാവമുള്ള ഒരു നേതാവിനെ വസുന്ധരരാജെയ്ക്ക് പകരക്കാരിയായി കണ്ടെത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വസുന്ധര ക്യാമ്പിലുള്ള എംഎല്‍എമാരുടെ പിന്തുണ കൂടാതെ തന്നെ ബിജെപിയ്ക്ക് ഭരണം പിടിക്കാനായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്തായാലും ഇവര്‍ പരിഗണിക്കപ്പെട്ടേക്കില്ലെന്നാണ് വിലയിരുത്തല്‍. മൂന്നാം വട്ടവും മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് അവര്‍ ശഠിച്ചാല്‍ ആ പ്രതിസന്ധിയെ സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ബിജെപി എങ്ങനെ മറികടക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ബിജെപി രാജസ്ഥാനില്‍ 100 സീറ്റുകള്‍ കടന്നിരിക്കുന്ന ഘട്ടത്തില്‍ വസുന്ധരയ്ക്ക് ഇനി രാജസ്ഥാനില്‍ രാഷ്ട്രീയഭാവിയില്ലെന്ന് പ്രവചനങ്ങളുണ്ടാകുന്നുണ്ട്.
2003 ല്‍ രാജസ്ഥാന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മാറിയ വസുന്ധര ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബത്തിലെ അംഗമാണ്. 2007ല്‍ യുഎന്‍ഒ വസുന്ധരയെ വിമണ്‍ ടുഗെദര്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
Story Highlights: Vasundhara Raje could sway BJP’s move in Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here