രേവന്ത് റെഡ്ഡി പുതിയ തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വ്യാഴാഴ്ച

തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബര്‍ ഏഴിനാകും പുതിയ തെലങ്കാന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ തകര്‍ത്ത് 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ ജയിച്ചുകയറിയത്. കോണ്‍ഗ്രസിന്റെ മിന്നുന്ന ജയത്തിന്റെ അമരക്കാരനായിരുന്നു 54കാരനായ രേവന്ത് റെഡ്ഡി. (Revanth Reddy is next Telangana chief minister)
119 അംഗ സഭയില്‍ 65ലേറെ സീറ്റുകള്‍ നേടിയാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരമേറുന്നത്. കെസിആര്‍ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവു കൂടിയാണ് ഇദ്ദേഹം. സ്വന്തം മകളുടെ വിവാഹത്തിന് മാത്രമാണ് ഗവണ്‍മെന്റ് ഇദ്ദേഹത്തിന് പരോള്‍ നല്‍കിയിരുന്നത്.നിയമസഭാ പോരാട്ടത്തില്‍ കാമറെഡ്ഢി മണ്ഡലത്തില്‍ കെസിആറിനെതിരെ മത്സരിക്കാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും റെഡ്ഢി കാണിച്ചു.
തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്നും രാഷ്ട്രീയ തന്ത്രം പഠിച്ചിറങ്ങിയ രേവന്ത് റെഡ്ഡി 2017ല്‍ കോണ്‍ഗ്രസിലേക്ക് എത്തുമ്പോള്‍ കെസിആര്‍ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല അദ്ദേഹത്തിന്റെ ഈ വളര്‍ച്ച. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ ഉത്തംകുമാര്‍ റെഡ്ഡി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡിയുടെ വരവ്. ചുരുക്കിപ്പറഞ്ഞാല്‍ ആ വരവ് ശരിക്കും ഒരു ഒന്നൊന്നര വരവായിരുന്നു. അധ്യക്ഷ പദവിയും വഹിച്ച് നേതൃസ്ഥാനത്തിരിക്കാന്‍ മാത്രമല്ല ജനങ്ങള്‍ക്കൊപ്പവും തെരുവിലിറങ്ങി പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ റെഡ്ഡി തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ ജനകീയ മുഖമായി മാറി.
മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഏറ്റവും വലിയ വിമര്‍ശകനായി റെഡ്ഡി മാറി. അടുത്തിടെ കെസിആറിന്റെ മകനെതിരെ നടത്തിയ വിമര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു. താന്‍ ന്‍ മെറിറ്റ് കോട്ടയിലാണ് വന്നതെന്നും അദ്ദേഹത്തിന്റെ മകന്‍ മാനേജ്‌മെന്റ് കോട്ടയിലാണെന്നുമാണ് രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
സ്‌കൂള്‍ പഠനകാലത്ത് എബിവിപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ത്ഥി നേതാവായിരുന്നു രേവന്ത് റെഡ്ഡി. പിന്നീട് സംഘ്പരിവാര്‍ ആശയം വിട്ട് തെലുങ്കുദേശം പാര്‍ട്ടിയിലേക്കും പിന്നീട് കോണ്‍ഗ്രസിലേക്ക് ചേക്കേറി. 2009, 2014 വര്‍ഷങ്ങളില്‍ രണ്ടു തവണ ടിഡിപി ടിക്കറ്റില്‍ ആന്ധ്ര നിയമസഭയിലെത്തിയിട്ടുണ്ട്. 2017ല്‍ കോണ്‍ഗ്രസിലെത്തി. അടുത്ത വര്‍ഷം കോണ്‍ഗ്രസ് ടിക്കറ്റിലും മത്സരിച്ചു ജയിച്ചു. തെലങ്കാന രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവായി രാഷ്ട്രീയ വിദഗ്ധര്‍ ഇതിനെ വിലയിരുത്തിയിരുന്നു. 2019ല്‍ മല്‍കാജ്ഗിരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം പാര്‍ലമെന്റിലുമെത്തി.
കെസിആറിനെ നേരിടാന്‍ പറ്റിയ ആള്‍ രേവന്ത് റെഡ്ഡിയാണെന്ന ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍ ശരിയാണെന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ജനത്തെ ഇളക്കിമറിച്ച് രേവന്ത് റെഡ്ഡി പ്രചാരണം നടത്തിയപ്പോള്‍ ബിആര്‍എസ് ശരിക്കും ഭയന്നിരുന്നു. കെസിആറിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുന്ന നേതാവെന്ന നിലയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
Story Highlights: Revanth Reddy is next Telangana chief minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here