Advertisement

നവകേരള സദസ്സ് ഡിസംബർ 20 മുതൽ 23 വരെ തിരുവനന്തപുരത്ത്

December 8, 2023
Google News 2 minutes Read
'Navakerala Sadass' from 20th to 23rd December at Thiruvananthapuram

നവകേരള സദസ്സിന് വിപുലമായ തയാറെടുപ്പുകളുമായി തിരുവനന്തപുരം ജില്ല. ഡിസംബർ 20ന് വർക്കലയിൽ നിന്നാരംഭിക്കുന്ന ജില്ലയിലെ നവകേരള സദസ്സ് ഡിസംബർ 23ന് വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത സദസ്സിൽ സമാപിക്കും. ജില്ലയിലെ ആദ്യ നവകേരള സദസ്സ് വർക്കല നിയോജക മണ്ഡലത്തിന്റേതാണ്. വർക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിനാണ് പരിപാടി നടക്കുക. ഡിസംബർ 21ലെ നവകേരള സദസ്സിന് ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രഭാത യോഗത്തോടെ തുടക്കമാകും. രാവിലെ ഒൻപതിന് വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ വിവിധ മേഖലകളിലുള്ള വ്യക്തികളാണ് പ്രഭാതയോഗത്തിൽ പങ്കെടുക്കുന്നത്.

രാവിലെ 11ന് ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മൈതാനത്താണ് ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിന് ആറ്റിങ്ങൽ മാമം മൈതാനത്ത് ആറ്റിങ്ങൽ മണ്ഡലത്തിലെയും 4.30ന് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് വാമനപുരത്തെയും വൈകിട്ട് ആറിന് നെടുമങ്ങാട് നഗരസഭ പാർക്കിംഗ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെയും ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.

ഡിസംബർ 22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗം നിശ്ചയിച്ചിരിക്കുന്നത്. കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഇതിൽ പങ്കെടുക്കും. രാവിലെ 11ന് ആര്യനാട് , പാലേക്കോണം വില്ലാ നസറേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ്. മൂന്നിന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കാട്ടാക്കട മണ്ഡലത്തിലെയും 04.30ന് നെയ്യാറ്റിൻകര ഡോ.ജി രാമചന്ദ്രൻ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നെയ്യാറ്റിൻകര മണ്ഡലത്തിലെയും വൈകിട്ട് ആറിന് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ പാറശാല മണ്ഡലത്തിലെയും നവകേരള സദസ്സുകൾ നടക്കും.

ഡിസംബർ 23ന് ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിലാണ് നേമം, വട്ടിയൂർക്കാവ്, കോവളം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കുന്നത്. രാവിലെ 11ന് വിഴിഞ്ഞം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തെ ഗ്രൗണ്ടിൽ കോവളം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് പൂജപ്പുര ഗ്രൗണ്ടിലാണ് നേമം മണ്ഡലത്തിലെ നവകേരള സദസ്സ്. 04.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കഴക്കൂട്ടം മണ്ഡലത്തിലെയും വൈകിട്ട് ആറിന് നെട്ടയം സെൻട്രൽ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ നവകേരള സദസ്സും നടക്കും.

നവകേരള സദസ്സിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അതത് എം.എൽ.എമാർ ചെയർമാൻമാരായി സംഘാടക സമിതി രൂപീകരിച്ച് വിപുലമായ ഒരുക്കങ്ങൾ നടത്തി വരികയാണ്. കോവളം മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറാണ് സംഘാടക സമിതി ചെയർമാൻ. നിയോജക മണ്ഡലാടിസ്ഥാനത്തിൽ രൂപീകരിച്ച സംഘാടക സമിതിക്ക് പുറമെ പഞ്ചായത്ത്, കോർപറേഷൻ, മുൻസിപ്പാലിറ്റി തലത്തിലും ബൂത്ത് തലത്തിലും സ്വാഗത സംഘങ്ങളും ഓരോ മണ്ഡലങ്ങളിലും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ജനങ്ങളിൽ നിന്നുള്ള നിവേദനങ്ങൾ സ്വീകരിക്കാനും നവകേരള സദസ്സിന്റെ പ്രചാരണത്തിനുമായി വീട്ടുമുറ്റ യോഗങ്ങളും പുരോഗമിക്കുകയാണ്.

പരാതി നൽകാൻ പ്രത്യേക കൗണ്ടറുകൾ:
സർക്കാരിന്റെ ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകുന്നതിന് നവകേരള സദസ്സിന്റെ വേദിക്ക് സമീപം കൗണ്ടറുകളുണ്ടാകും. ഭിന്നശേഷിക്കാർ, സ്ത്രീകൾ, വയോജനങ്ങൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളും സ്ഥാപിക്കും. പരിപാടിക്കെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും. എല്ലാ വേദികളിലും പോലീസ്, അഗ്‌നിസുരക്ഷാ സേന, ആംബുലൻസ് ഉൾപ്പെടുന്ന മെഡിക്കൽ സംഘം, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ തുടങ്ങിയവരുടെ സേവനവും ഉണ്ടാകും.

എക്സിബിഷൻ, ഫുഡ് ഫെസ്റ്റ്, കലാപരിപാടികൾ:
നവകേരള സദസ്സിനോടനുബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും വൈവിധ്യമാർന്ന പ്രചാരണ പരിപാടികളാണ് സംഘാടക സമിതികൾ നിശ്ചയിച്ചിട്ടുള്ളത്. വിവിധ വകുപ്പുകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സഹകരണത്തോടെ എക്സിബിഷൻ, കലാ-കായിക മത്സരങ്ങൾ, തൊഴിൽ മേള, ഭക്ഷ്യമേള, കലാ – സാംസ്‌കാരിക പരിപാടികൾ, ഘോഷയാത്ര, വനിതാ ശാക്തീകരണ പരിപാടികൾ, ട്രേഡ് ഫെയർ, ഫോട്ടോഗ്രാഫി – സെൽഫി മത്സരങ്ങൾ, തെരുവ് നാടകം തുടങ്ങി വിപുലമായ പരിപാടികളാണ് നടന്നു വരുന്നത്.

Story Highlights: ‘Navakerala Sadass’ from 20th to 23rd December at Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here