Advertisement

‘ലോക്സഭാ മൂഡ് ട്രാക്കർ’: ആറ്റിങ്ങലിൽ ആര് വാഴും?

December 9, 2023
Google News 2 minutes Read
'Lok Sabha Mood Tracker'_ Who Will Win Attingal_

ആറ്റിങ്ങൽ മണ്ഡലം… 20 ലോക്സഭാ മണ്ഡലങ്ങളിൽ രാഷ്ട്രീയ കേരളം കൗതുകത്തോടെ വീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്ന്. കാടും, മലയും, കടലും അതിരിടുന്ന മണ്ഡലത്തിന്റെ സ്വഭാവം പ്രവചനാതീതം. വൻമരങ്ങൾ പോലും കടപൊഴുകിയ മണ്ഡലം…2019ൽ തെരഞ്ഞെടുപ്പിനിറങ്ങുമ്പോൾ സിപിഐഎം സ്ഥാനാർത്ഥി എ സമ്പത്തിന്റെ മനസ്സിൽ ഒരേയൊരു ലക്ഷ്യം, മണ്ഡലത്തിൽ നിന്നുള്ള ഹാട്രിക് ജയം. പക്ഷേ ആറ്റിങ്ങലിൽ പ്രകാശം പരത്തി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് അട്ടിമറി ജയം സ്വന്തമാക്കി. ‘ശോഭ’യിലൂടെ ബിജെപിയും കരുത്ത് തെളിയിച്ചു.

അടൂർ വീണ്ടും പ്രകാശിക്കുമോ?
മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ പ്രകടനത്തിൽ മണ്ഡലം തൃപ്തി രേഖപ്പെടുത്തുന്നു. എംപിയുടെ പ്രവർത്തനത്തെ ‘ശരാശരിക്ക് മുകളിൽ’ ജനം വിലയിരുത്തുന്നുവെന്നാണ് ‘ലോക്സഭാ മൂഡ് ട്രാക്കർ’ 24 സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 57% പേർ എംപിയുടെ പ്രവർത്തനത്തെ ശരാശരിക്ക് മുകളിൽ വിലയിരുത്തുമ്പോൾ 12% മോശമെന്ന് വിലയിരുത്തി. അടൂരിൽ തൃപ്തനെങ്കിലും മണ്ഡലം ഇത്തവണ സിപിഎമ്മിന് നേരിയ മുൻതൂക്കം കല്പിക്കുന്നു.

ആറ്റിങ്ങലിൽ ആര്? 34% പറയുന്നു എൽഡിഎഫ്, 32% യുഡിഎഫിനൊപ്പം. ബിജെപിയെന്ന് പറയുന്ന 20% പേരും മണ്ഡലത്തിലുണ്ട്. അടൂർ പ്രകാശ് തന്നെയാകും ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി എന്ന് ഏതാണ്ട് ഉറപ്പായി. സിപിഐഎം സ്ഥാനാർത്ഥി ആരെന്ന് വ്യക്തമല്ലെങ്കിലും എ.എ റഹീമിൻ്റെ പേരാണ് ചർച്ചകളിൽ സജീവം. കഴിഞ്ഞ തവണ 24.97 ശതമാനം വോട്ട് നേടിയ ശോഭാ സുരേന്ദ്രന് പകരം കേന്ദ്രമന്ത്രി വി മുരളീധരൻ താമര ചിഹ്നത്തിൽ മത്സരിച്ചേക്കും. ത്രികോണ മത്സരത്തിനാവും ഇത്തവണയും മണ്ഡലം സാക്ഷ്യം വഹിക്കുക.

താമരയ്ക്ക് അനുകൂലമായ മണ്ണ്?
എൽഡിഎഫ് അനുകൂല മണ്ണായി ആറ്റിങ്ങലിനെ വിലയിരുത്തുമ്പോൾ തന്നെ, മണ്ഡലത്തിലെ ബിജെപിയുടെ വേരോട്ടം ഈ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമാവും. കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ 24.97 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. എൽഡിഎഫിന്റെ വോട്ട് ചോർച്ച ബിജെപിക്ക് തുണയായെന്നും വിലയിരുത്തൽ. ഇത്തവണ ഒന്നാമനാകാൻ ബിജെപി കേന്ദ്രമന്ത്രിയെ തന്നെ രംഗത്തിറക്കിയേക്കും.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രനേതൃത്വം മുരളീധരന് നിർദേശം നല്‍കിയിട്ടുണ്ട്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ പരശുറാം എക്സപ്രസിനു സ്റ്റോപ് അനുവദിച്ചത് ഉദ്ഘാടനം ചെയ്ത ചെറു പരിപാടിയിലും ലോക്സഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വലിയ യോഗത്തിലുമെല്ലാം അദ്ദേഹം എത്തി. കേരളത്തിലെത്തുമ്പോള്‍ വി മുരളീധരന്‍ കൂടുതല്‍ സമയവും നീക്കിവയ്ക്കുന്നത് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്കാണ്. കുടുംബാംഗങ്ങളുടെ അപ്രതീക്ഷിത മരണങ്ങള്‍ കാണേണ്ടി വന്നവരെ ആശ്വസിപ്പിക്കാനും അദ്ദേഹം സമയം ചെലവഴിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും പാർട്ടിക്കുള്ളിൽ തന്നെ കല്ലുകടിയുണ്ട്. പാർട്ടി ജില്ലാനേതൃത്വത്തിലെ ചിലർക്ക് മുരളിയുടെ പോക്കുവരവിൽ അസംതൃപ്തിയുണ്ട്. ഇത് ബിജെപിക്ക് ഒരു തലവേദനയാകും.

തിരിച്ചുവരാൻ സിപിഐഎം:
എ.എ റഹീമിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുപാളയം. മണ്ഡലത്തിലെ ഈഴവ വോട്ടുകളുടെ സ്വാധീനം കണക്കിലെടുത്ത് ഈഴവ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം സിപിഎമ്മും ആലോചിക്കുന്നുണ്ട്. ജാതി സമവാക്യത്തിലൂടെ ആറ്റിങ്ങൽ പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോഴും എ.എ.റഹീമിന്റെ ജനപ്രീതി ഉയർത്തിക്കാട്ടി വോട്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒരുവിഭാഗം. എല്‍ഡിഎഫിന് മണ്ഡലത്തിലുള്ള ശക്തമായ സംഘടനാ ശക്തി ഏറ്റവും അനുകൂല ഘടകമാണ്. 16 തെരഞ്ഞെടുപ്പുകളിൽ ഇടതു സ്ഥാനാർത്ഥികൾ 11 തവണ ജയിച്ചപ്പോൾ അഞ്ചു തവണ മാത്രമാണു മണ്ഡലം കോൺഗ്രസിനെ തുണച്ചത്.

ആറ്റിങ്ങല്‍ മണ്ഡലം:
2009 ല്‍ ചിറയിന്‍കീഴ് മണ്ഡലത്തിന്റെ പേരുമാറി ആറ്റിങ്ങലായി. വർക്കല, ആറ്റിങ്ങൽ, ചിറയിന്‍കീഴ്, കിളിമാനൂർ, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേർന്നതായിരുന്നു ചിറയിൻകീഴ് ലോക്സഭാ മണ്ഡലം. എന്നാൽ 2008 ലെ മണ്ഡല പുനർനിർണയത്തിൽ കിളിമാനൂർ, ആര്യനാട് മണ്ഡലങ്ങൾ ഇല്ലാതായി. കഴക്കൂട്ടം മണ്ഡലം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തോടു ചേർന്നു. പുതുതായി രൂപപ്പെട്ട അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങൾ ആറ്റിങ്ങലിനൊപ്പമായി. നിലവിൽ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം.

Story Highlights: ‘Lok Sabha Mood Tracker’: Who Will Win Attingal?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here