ലോകകപ്പിലെ മികച്ച പ്രകടനം; അര്‍ജുന അവാര്‍ഡ് നാമനിര്‍ദേശ പട്ടികയില്‍ മുഹമ്മദ് ഷമിയും

അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ പേസര്‍ മുഹമ്മദ് ഷമിയും. 26 പേരാണ് അന്തിമപട്ടികയിലുള്ളത്. പട്ടിക കായിക മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഷമിയുടെ പേര് അവസാനമിനിഷം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലോകകപ്പില്‍ അവിശ്വസനീയ പ്രകടനമാണ് ഷമി നടത്തിയത്. ഏഴു മത്സരങ്ങളില്‍നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തി ലോകകപ്പിലെ വിക്കറ്റ്‌വേട്ടക്കാരില്‍ ഒന്നാമനായി. അവാര്‍ഡിനായി നേരത്തെയുള്ള പട്ടികയില്‍ ഷമിയുടെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബിസിസിഐയുടെ ഇടപെടല്‍ എന്നാണ് വിവരം.
അതേസമയം ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയ മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കറും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
അര്‍ജുന അവാര്‍ഡ് പട്ടിക: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (കാഴ്ച പരിമതരുടെ ക്രിക്കറ്റ്), ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), പാറുല്‍ ചൗധരി, എം. ശ്രീശങ്കര്‍ (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്‌സിങ്), ആര്‍. വൈശാലി (ചെസ്), ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിക്ഷാ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ ബഹദൂര്‍ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്), അന്തിം പംഗല്‍ (ഗുസ്തി), അയ്ഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്).
കായിക ലോകത്തെ സംഭാവനകള്‍ക്ക് രാജ്യം നല്‍കുന്ന ആദരവാണ് അര്‍ജുന അവാര്‍ഡ്. കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതി കൂടിയാണിത്. ഈ വര്‍ഷത്തെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌കാര ജേതാക്കളെ കണ്ടെത്താനായി കായിക മന്ത്രാലയം 12 അംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. സുപ്രിം കോടതി മുന്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറാണ് സമിതി അധ്യക്ഷന്‍.
Story Highlights: Mohammed Shami nominated for Arjuna Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here