മദ്യപിച്ച് വണ്ടിയിൽ കയറി; സംശയാസ്പദമായ പെരുമാറ്റം; കാണാതായ മൂന്നു വയസ്സുകാരനെ കണ്ടെത്താൻ നിർണായകമായത് അഭിലാഷിന്റെ ഇടപെടൽ

പാലക്കാട് കഞ്ചിക്കോട് മൂന്നു വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ നിർണ്ണായകമായത് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവറായ അഭിലാഷിന്റെ ഇടപെടൽ. ഓട്ടോറിക്ഷയിൽ കയറിയത് മുതൽ സെന്തിൽകുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അഭിലാഷ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് 3 വയസ്സുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമം നടന്നത്. തട്ടിക്കൊണ്ടുപോകൽ ശ്രമം തുടക്കത്തിലേ തകർത്തത് , കഞ്ചിക്കോട് സ്റ്റാൻഡിൽ ഓടുന്ന ഓട്ടോ ഡ്രൈവർ അഭിലാഷാണ്. മദ്യപിച്ച് തന്റെ വാഹനത്തിൽ കയറിയ സെന്തിൽ കുമാറിന്റെ പെരുമാറ്റത്തിൽ തുടക്കം മുതൽ സംശയം തോന്നിയ അഭിലാഷ്, നിരന്തരം കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
മിഠായി നൽകിയിരുന്നതിനാൽ മാത്രം കുഞ്ഞ് കരഞ്ഞിരുന്നില്ല. കൂടുതൽ കാര്യങ്ങൾ ഇയാളോട് ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി തന്റെതല്ലെന്ന് സെന്തിൽ കുമാർ സമ്മതിച്ചത്. ഉടൻ അഭിലാഷ് മറ്റ് ഓട്ടോ ഡ്രൈവർമാരെയും വിളിച്ച് വരുത്തി.പിന്നാലെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്.
കഞ്ചിക്കോട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യു പി സ്വദേശികളുടെതാണ് കുഞ്ഞെന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് ഇവർ ചേർന്ന് വാളയാർ പൊലീസിൽ പ്രതിയെ ഏൽപ്പിക്കുകയായിരുന്നു. വാളയാർ പൊലീസ് സെന്തിൽ കുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.
Story Highlights: Abhilash’s intervention was crucial to find missing three-year-old boy Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here