പാര്‍ലമെന്റില്‍ നിന്ന് ഈ സമ്മേളനകാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 92 അംഗങ്ങള്‍; രാജീവ് ഗാന്ധി ഭരണകാലത്തെ 63 കൂട്ടസസ്പെന്‍ഷനുകള്‍ ഓര്‍ക്കുമ്പോള്‍…
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ അംഗങ്ങള്‍ ശബ്ദമുയര്‍ത്തിയതോടെ ഇന്നും ഇരുസഭകളിലേയും സ്പീക്കര്‍മാര്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ കൂട്ടനടപടിയാണ് സ്വീകരിച്ചത്. ഈ സമ്മേളനകാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 92 പ്രതിപക്ഷ എംപിമാരാണ്. ഇന്ന് മാത്രം ഇരുസഭകളില്‍ നിന്നും 78 എംപിമാര്‍ പുറത്തുപോകേണ്ടി വന്നു. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിന് ലോക്‌സഭയില്‍ നിന്ന് ഇന്ന് 33 പ്രതിപക്ഷ അംഗങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 30 അംഗങ്ങളെ ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന സമയത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരുടെ സസ്‌പെന്‍ഷന്‍ കാലാവധിയിലാകട്ടെ ഇതുവരെ തീരുമാനമായിട്ടുമില്ല. കഴിഞ്ഞ ആഴ്ച 14 എംപിമാര്‍ക്കെതിരെ സമാനമായ നടപടിയുണ്ടായതിന് പിന്നാലെയാണ് ഇപ്പോഴത്തെ കൂട്ടസസ്പെന്‍ഷന്‍. ശീതകാല സമ്മേളനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുന്ന പ്രതിപക്ഷ എംപിമാരുടെ എണ്ണം ഇപ്പോള്‍ 47 ആയിരിക്കുകയാണ്. ഒരു സമ്മേളന കാലയളവിലേക്ക് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന എംപിമാരുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. പാര്‍ലമെന്റില്‍ തങ്ങളെ ശബ്ദിക്കാന്‍ സമ്മതിക്കാതെ ഭരണപക്ഷം എതിര്‍സ്വരങ്ങള്‍ അമര്‍ച്ച ചെയ്യുകയാണെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെ ചില ബിജെപി അംഗങ്ങളെങ്കിലും 1989ലെ രാജീവ് ഗാന്ധി ഭരണകാലത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടസസ്‌പെന്‍ഷന്‍ കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കുന്നുണ്ട്. എന്നിരിക്കിലും അന്നത്തേയും ഇന്നത്തേയും സാഹചര്യങ്ങള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുമുണ്ട്. (78 suspensions from parliament today and 1989 suspensions during Rajiv Gandhi’s rule)
Read Also : ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി
1989 ലെ കൂട്ടസസ്‌പെന്‍ഷന്‍
ലോക്‌സഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സസ്‌പെന്‍ഷനുണ്ടായത് 1989ലാണ്. അന്ന് 63 എംപിമാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് 1989ല്‍ 63 എംപിമാര്‍ ഒറ്റയടിയ്ക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. 400ലധികം അംഗങ്ങളുമായി കോണ്‍ഗ്രസ് ഭരിക്കുന്ന കാലമായിരുന്നു അത്. ഇന്ദിരാ ഗാന്ധി വധത്തെക്കുറിച്ചുള്ള ജസ്റ്റിസ് താക്കര്‍ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മേശപ്പുറത്തുവച്ചതുമായി ബന്ധപ്പെട്ടാണ് 1989 മാര്‍ച്ച് 15ന് ലോക്‌സഭയില്‍ കോലഹലമുണ്ടാകുന്നത്.
പ്രതിഷേധവും ബഹളവും കനത്തതോടെ സ്പീക്കര്‍ 63 എംപിമാരെ ഒറ്റയടിയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു. അന്ന് സെയ്ദ് ഷഹാബുദ്ദീന്‍ എന്ന ജനതാ ഗ്രൂപ്പ് അംഗം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടില്ലെങ്കിലും തനിക്ക് സഭയില്‍ ശബ്ദിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇറങ്ങിപ്പോയി. അവേശഷിച്ച ജിഎം ബനാത്ത്വാല, എംഎസ് ഗില്‍, ഷമീന്ദര്‍ സിംഗ് എന്നിവരും പിന്നീട് പ്രതിഷേധ സൂചകമായി സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സ്ഥിതിയുണ്ടായി.
എന്നാല്‍ മൂന്ന് ദിവസത്തേക്ക് മാത്രമാണ് 63 അംഗങ്ങള്‍ അന്ന് പാര്‍ലമെന്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നത്. എന്നാല്‍ ഇപ്പോള്‍ ശീതകാലസമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് മുഴുവനായാണ് 47 പ്രതിപക്ഷ എംപിമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.
2015ല്‍ 25 കോണ്‍ഗ്രസ് എംപിമാര്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട വേളയില്‍ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ നിശബ്ദമാക്കാന്‍ അന്നത്തെ മന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസ് നേതാക്കളെ 1989ലെ ഈ സംഭവം ഓര്‍മിപ്പിച്ചിരുന്നു. കൂടുതല്‍ പേരെ സസ്‌പെന്‍ഡ് ചെയ്ത് റെക്കോര്‍ഡിട്ടത് ആരാണെന്ന് അദ്ദേഹം അന്ന് കോണ്‍ഗ്രസ് അംഗങ്ങളോട് ചോദിച്ചിരുന്നു.
എങ്ങനെയാണ് സ്പീക്കര്‍മാര്‍ക്ക് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധിക്കുക?
റൂള്‍സ് ഓഫ് പ്രൊസിജിയര്‍ ആന്‍ഡ് കോണ്‍ടാക്ട് ചട്ടങ്ങളുടെ റൂള്‍ നമ്പര്‍ 373 പ്രകാരമാണ് സ്പീക്കര്‍ക്ക് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധിക്കുക. സഭയിലെ ഏതെങ്കിലും അംഗത്തിന്റെ പെരുമാറ്റം വളരെ ക്രമരഹിതമോ ചട്ടവിരുദ്ധമോ ആയി സ്പീക്കര്‍ക്ക് തോന്നുന്നുവെങ്കില്‍ ആ അംഗത്തോട് ഉടനടി സഭയില്‍ നിന്ന് പിന്‍വാങ്ങാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശിക്കാമെന്ന് ചട്ടം പറയുന്നു. ഏതെങ്കിലും ഒരംഗം സഭയുടെ ചട്ടങ്ങളെ വെല്ലുവിളിക്കുകയോ സഭാ നടപടികളെ തടസ്സപ്പെടുത്തുകയോ മുദ്രാവാക്യങ്ങള്‍ മുഴക്കി സഭയെ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ സ്പീക്കര്‍ക്ക് റൂള്‍ 374A പ്രയോഗിക്കാവുന്നതാണ്. ഇത് പ്രയോഗിച്ചാല്‍ സഭയുടെ അടുത്ത അഞ്ച് സിറ്റിംഗുകളില്‍ നിന്നോ അല്ലെങ്കില്‍ സമ്മേളനത്തിന്റെ കാലാവധി കഴിയുന്നതുവരേയോ ആ അംഗം പിന്‍വാങ്ങേണ്ടതായി വരും.
റൂള്‍ ബുക്കിലെ റൂള്‍ 255 പ്രകാരമാണ് രാജ്യസഭാ സ്പീക്കര്‍ക്ക് സമാനമായ അധികാരം പ്രയോഗിക്കാനാകുക. ഏതെങ്കിലും അംഗത്തിന്റെ പെരുമാറ്റം തീരെ അംഗീകരിക്കാനാകാത്തതാണെന്ന് സ്പീക്കര്‍ക്ക് ബോധ്യപ്പെട്ടാല്‍, അവര്‍ക്കെതിരെ സ്പീക്കര്‍ക്ക് അച്ചടക്ക നടപടി സ്വീകരിക്കാം. പിന്നീട് ആ അംഗത്തിന് സഭയില്‍ എത്താന്‍ സാധിക്കാതെ വരും.
Story Highlights: 78 suspensions from parliament today and 1989 suspensions during Rajiv Gandhi’s rule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here