Advertisement

8വർഷമായിട്ടും ദിയ കാണാമറയത്ത്; മുറ്റത്തുനിന്ന് അപ്രത്യക്ഷയായ കുട്ടി എങ്ങുപോയി?

December 20, 2023
Google News 2 minutes Read
Diya missing case 8 years

ഇരിട്ടിയിലെ ഒന്നരവയസ്സുകാരി ദിയ ഫാത്തിമയെ കാണാതായിട്ട് എട്ട് വർഷം കഴിഞ്ഞു. വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞാണ് ഒരു സുപ്രഭാതത്തിൽ കാണാമറയത്തേക്ക് പോയത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും നാളിതുവരെ ഒരു തുമ്പും കണ്ടെത്താൻ പൊലീസിനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിൻറെ ആരോപണം.(Diya missing case 8 years)

കണ്ണൂർ ഇരിട്ടി പാലക്കണ്ടി വീട്ടിൽ സുഹൈലിന്റെയും ഫാത്തിമ സുഹറയുടെയും മകളാണ് ഒന്നര വയസ്സുകാരി ദിയ ഫാത്തിമ. കാലങ്ങളായി ഒരു നാട് മുഴുവൻ അവൾക്കായി കാത്തിരിക്കുകയാണ്. ദിയമോൾ ഈ ദമ്പതിമാരുടെ കൈയ്യെത്താ ദൂരത്ത് നിന്ന് കണ്ണെത്താ ദൂരത്തേക്ക് മറഞ്ഞിട്ട് എട്ട് വർഷം കഴിഞ്ഞു.

2014 ഓഗസ്റ്റ് ഒന്ന്….. പെരുന്നാളായിരുന്നു അന്ന്. തലേദിവസം രാത്രി മുതൽ തോരാമഴയായിരുന്നു. ആ തണുത്ത വെളുപ്പാൻ കാലത്ത് അവൾ നേരത്തെ ഉണർന്നിരുന്നു. കുളിച്ചൊരുങ്ങി പെരുന്നാളിന് ബാപ്പ സമ്മാനിച്ച പുത്തനുടുപ്പിട്ട് അവൾ വീട്ടുമുറ്റത്ത് തുള്ളിക്കളിക്കുന്നത് ഉമ്മ സുഹറ കണ്ടിരുന്നു. പിന്നെ വീടിൻറെ ഉള്ളിൽ കസേരയിലിരുന്ന് ചായ കുടിക്കുന്നത് കണ്ടുകൊണ്ടാണ് ദിയയുടെ മാതാവ് കിച്ചണിലേക്ക് പോകുന്നത്. ഒരു അത്യാവശ്യത്തിനായി സുഹറ ഒന്ന് അകത്തേക്ക് പോയി തിരിച്ചു വന്നപ്പോഴേക്കും ദിയമോൾ അപ്രത്യക്ഷയായി. വീട്ടുകാർ പറയുന്നു..

നെഞ്ചിൽ തീയുമായി കരഞ്ഞ് സുഹറയും, സുഹൈലും നാടുമുഴുവൻ കുഞ്ഞിനെ തേടി നടന്നു. ”പെറ്റ ഉമ്മയാ ഞാൻ. അതുകൊണ്ട് എന്റെ മോളെ തെരഞ്ഞു നടക്കുകയാണ്. എവിടെയൊക്കെ പോയി എത്ര സ്ഥലത്ത് പോയെന്നറിയോ? ഇതുവരെ എന്റെ കുട്ടി ഒരു തെളിവ് എനിക്ക് കിട്ടിയിട്ടില്ല…” സുഹറയുടെ കണ്ണുനീരിലുണ്ട് ആ വേദന…

ദിയയെ കാണാതായ വാർത്ത പരന്നതോടെ നാടിളക്കി നാട്ടുകാരും പൊലീസും തിരച്ചിൽ തുടങ്ങി. സമീപത്തെ തോട്ടിലും പുഴയിലുമൊക്കെ അഗ്നിശമന സേനയും തിരച്ചിൽ നടത്തി. നിമിഷങ്ങൾക്കുള്ളിൽ ദിയ ഫാത്തിമയുടെ തിരോധാന വാർത്തയും ചിത്രങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു. നിമിഷങ്ങൾ മണിക്കൂറുകളായി. മണിക്കൂറുകൾ, ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി. ഒടുവിൽ കാലങ്ങൾ താണ്ടി എട്ട് വർഷം കഴിഞ്ഞു.

ദിയയെ നഷ്ടമായ ആ പകൽ മുതൽ ഇതുവരെയും ദിയയുടെ മാതാപിതാക്കൾക്ക് വ്യക്തമായ ഒരു ഉത്തരം നൽകാൻ പൊലീസിനോ ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല. തോരാത്ത മഴ ഉണ്ടായിരുന്ന അന്ന് ഒന്നര വയസ്സുകാരിയായ ദിയ ഏകദേശം നൂറ് മീറ്റർ അപ്പുറത്തുള്ള കൈത്തോട്ടിൽ വീണ് ഒഴുകിപ്പോയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ നൂറ് മീറ്റർ അപ്പുറത്തുള്ള കൈത്തോട് വരെ നടന്നുപോകാൻ പിച്ചവെച്ച് തുടങ്ങുന്ന ദിയയ്ക്ക് കഴിയില്ലെന്നാണ് പിതാവ് സുഹൈൽ പറയുന്നത്. കുട്ടി വെള്ളത്തിൽ പോയെങ്കിൽ ബോഡി എങ്കിലും കിട്ടുമായിരുന്നില്ലേ എന്നും വീട്ടുകാർ ചോദിക്കുന്നു. നാട്ടിൽ കച്ചവടത്തിനെത്തിയ അന്യസംസ്ഥാനക്കാരോ നാടോടികളോ കുട്ടിയെ തട്ടിക്കൊണ്ട് പോയിരിക്കാമെന്നാണ് സുഹൈൽ സുഹറ ദമ്പതികൾ വിശ്വസിക്കുന്നത്. കാരണം കുട്ടിയെ കാണാതാവുമ്പോൾ ശരീരത്തിൽ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ ഉണ്ടായിരുന്നു.

ദിയയെ കാണാതായി മൂന്നാം മാസം. അതായത് 2014 ഒക്ടോബർ 22ന് ദിയയുടെ കുടുംബത്തിന് ഏറെ പ്രതീക്ഷ നൽകിയ ഒരു വാർത്തയെത്തി. കാണാതായ ദിയയുടെ രൂപസാദൃശ്യമുള്ള ഒരു കുട്ടിയെ ഒരു സ്ത്രീക്കും പുരുഷനുമൊപ്പം അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഒരു കടയ്ക്ക് മുന്നിൽ കണ്ടെത്തി. എന്നാൽ ആ സൂചനയൊന്നും ഫലവത്തായില്ല. പൊലീസുകാരുടെ അടുത്ത് നിന്ന് അനാസ്ഥ ഉണ്ടെന്നുള്ളത് ദിയയുടെ മാതാപിതാക്കൾ വിശ്വസിക്കുന്നു.

Read Also : പ്രതികൾ കടയിൽ നിന്ന് വാങ്ങിയത് തേങ്ങ, റസ്‌ക്, ബിസ്‌ക്കറ്റ്; കടയിൽ ഫോൺ ചോദിച്ചത് സ്ത്രീ; സംശയം തോന്നാതിരിക്കാൻ പ്രതികൾ നടത്തിയ നീക്കങ്ങൾ

എന്തുകൊണ്ട് അങ്കമാലി കെഎസ്ആർടിസിയിലെ ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയില്ല എന്ന ചോദ്യത്തിന് ഇന്നും പൊലീസിന് ഉത്തരമില്ല. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരും സർവീസിൽ നിന്ന് വിരമിച്ചതോടെ കേസ് അന്വേഷണവും ഇടയ്ക്ക് നിലച്ചു. വീണ്ടും അന്നത്തെ ഇരട്ടി ഡിവൈഎസ്പി പി സുകുമാരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും കുഞ്ഞിന്റെ തിരോധാനം സംബന്ധിച്ച ഒരു തെളിവും പോലീസിന് ലഭിച്ചില്ല.

ഇടയ്ക്ക് ദിയയുടെ മുഖ സാദൃശ്യമുള്ള ഒരു കുട്ടിയെ മംഗളൂരു, കുടക് ഭാഗങ്ങളിൽ കണ്ടതായി ഒരു പ്രചരണം ഉണ്ടായി. തുടർന്ന് അന്വേഷണം കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരുന്നു. 2017ൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേവലം ഒരു തിരോധാനമായി മാത്രം കാണാതെ കൂടുതൽ ആർജ്ജവത്തോടെ സർക്കാർ ഈ കേസ് കൈകാര്യം ചെയ്യുമെന്ന ഇപ്പോഴും വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ദിയയുടെ കുടുംബം.

Story Highlights : Diya missing case 8 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here