സ്റ്റാര്‍ക്കിന്റെ ഒരു പന്തിന് 7.36 ലക്ഷം, ഒരു ഓവറിനായി ചിലവാക്കുന്നത് 44 ലക്ഷം; കണക്കുകൾ ഇതാ
2024 ഐപിഎൽ താര ലേലത്തിൽ ‘സ്റ്റാർ’ ആയി മാറിയ സ്റ്റാർക്ക് ചരിത്രം സൃഷ്ടിച്ചിരുന്നു. 24.75 കോടിയുടെ റെക്കോർഡ് തുകയ്ക്കാണ് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്.
ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് താരത്തിനായി പോരടിച്ചത്. ലേലം 20 കോടി കടന്നതോടെ ജിടിക്ക് തലകുനിക്കേണ്ടി വന്നു. 24.75 കോടിക്ക് സ്റ്റാർക്കിനെ കെകെആർ റാഞ്ചി. 2018 ലും കെകെആറിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് പിന്മാറി. ഐപിഎല്ലിൽ സജീവമല്ലാതിരുന്ന സ്റ്റാർക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി രണ്ട് സീസണുകൾ മാത്രമാണ് കളിച്ചത് എന്നതും ശ്രദ്ധേയമാണ്.
സ്റ്റാര്‍ക്കിന് ഈ സീസണില്‍ ലഭിച്ചേക്കാവുന്ന പ്രതിഫലത്തിന്റെ കണക്ക് ഒന്ന് നോക്കാം. ലീഗ് ഘട്ടത്തിൽ 14 മത്സരങ്ങൾ കളിച്ചാൽ സ്റ്റാർക്കിന് ഒരു മത്സരത്തിന് ലഭിക്കുക 1,76,78,571 രൂപയാണ്. കെകെആർ പ്ലേഓഫിലേക്കും ഫൈനലിലേക്കും കൂടി യോഗ്യത നേടിയാൽ ആകെ 16 മത്സരങ്ങൾ. അപ്പോൾ സ്റ്റാർക്കിന് ഒരു മത്സരത്തിന് ലഭിക്കുക 1,54,68,750 രൂപ.
ടൂർണമെന്റിൽ ഒരു പന്തിന് സ്റ്റാർക്കിന്റെ വില എത്രയാണെന്ന് നോക്കാം. ഒരു മത്സരത്തില്‍ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയാല്‍ 24 പന്തുകളാണ് സ്റ്റാർക് എറിയുക. 14 മത്സരങ്ങളില്‍ നിന്നാകെ 336 പന്തുകള്‍. അങ്ങനെ കണക്കാക്കിയാല്‍ ഒരു പന്തെറിയാന്‍ കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി ചിലവാക്കുക 7.36 ലക്ഷം രൂപയാണ്. സ്റ്റാര്‍ക്കിന്റെ ഒരു ഓവറിനായി ചിലവാക്കുന്നത് 44 ലക്ഷവും.
ലേലത്തിൽ വൻ തുക നേടിയതിന് ശേഷം പിന്മാറി ചരിത്രമുള്ളതിനാൽ എല്ലാ കണ്ണുകളും സ്റ്റാർക്കിലാണ്. കൂടാതെ ഭീമമായ തുക മുടക്കി താരത്തെ ടീമിലെത്തിക്കുമ്പോൾ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷകളും അത്രമേൽ ഉണ്ടാകും. താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.
Story Highlights: Here’s how much KKR will pay Mitchell Starc for every ball in IPL 2024?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here