Advertisement

തലസ്ഥാനം യുദ്ധക്കളം; കോൺഗ്രസ് മാർച്ച് അക്രമാസക്തം; പൊലീസിനെ രൂക്ഷമായി വിമർശിച്ച് നേതാക്കൾ

December 23, 2023
Google News 2 minutes Read
Congress march

ഡിജിപി ഓഫീസിലേക്കുള്ള കോൺ​ഗ്രസ് മാർച്ച് അക്രമാസക്തം. കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിലേക്ക് പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്ന് മാർച്ച് അക്രമാസക്തമാവുകയും പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിയുകയും ഉണ്ടായി. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു.

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിച്ചുകൊണ്ടിരിക്കെയാണ് പൊലീസ് ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചത്. ഇതിനിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടിയെ രൂക്ഷമായാണ് പ്രതിപക്ഷ നേതാക്കൾ വിമർശിച്ചത്.

കെ സുധാകരനെ ലക്ഷ്യം വെച്ചാണ് പൊലീസ് നടപടിയെന്ന് ഗുരുതര ആരോപണം മാത്യു കുഴൽനാടൻ ഉന്നയിച്ചു. മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് ടിയർഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചതെന്നും ആസൂത്രണമായാണ് നടപടിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രി പൊലീസ് ഗുണ്ടകളെ ഉപയോഗിച്ച് കായികമായി ആക്രമിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. പ്രകോപനമില്ലാതെയായിരുന്നു പൊലീസ് നടപടിയെന്ന് ശശി തരൂർ പറഞ്ഞു.

Read Also : കെപിസിസി മാർച്ചിൽ സംഘർഷം; കെ സുധാകരന് ദേഹാസ്വാസ്ഥ്യം

പൊലീസിന്റേത് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചുള്ള ഗുണ്ടാ പ്രവർത്തനമെന്ന് കെ മുരളീധരൻ വിമർശിച്ചു. ഇനി ഗാന്ധിയൻ രീതിയില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും മുരളീധരൻ പറഞ്ഞു. പൊലീസ് നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. വേദിയിലേക്ക് ടിയർ ഗ്യാസ് പ്രയോഗിച്ചെന്നും വേദിയിൽ നിന്നെടുത്തു ചാടുകയായിരുന്നെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. നേതാക്കൾക്കെല്ലാം ശ്വാസ തടസം അനുഭവപ്പെട്ടെന്നും ഏഴോളം എംപിമാരും പത്തോളം എംഎൽഎമാരും ഉള്ള വേദിയിലേക്കാണ് ടിയർ ഗ്യാസ് പ്രയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടി ഗൂഢാലോചനയോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

നവകേരള യാത്രയ്‌ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർ‌ദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഡിജിപിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്.

Story Highlights: KPCC DGP office march clash, Congress leaders against Kerala Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here