‘കെഎസ്ആർടിസിയിൽ കൃത്യമായി ശമ്പളം നൽകിയിട്ടില്ല’; ആന്റണി രാജുവിന്റേത് രാഷ്ട്രീയ പ്രസംഗമെന്ന് തൊഴിലാളി യൂണിയനുകൾ

കെഎസ്ആർടിസിയിൽ ശമ്പളം കൊടുത്ത സംതൃപ്തിയിലാണ് പടിയിറക്കമെന്ന
ആന്റണി രാജുവിന്റെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ.
ആന്റണി രാജു കൃത്യമായി ശമ്പളം നൽകിയിട്ടില്ലെന്നു ടി.ഡി.എഫ് ആരോപിച്ചു. നവംബർ മാസത്തെ ശമ്പളമാണ് ഡിസംബർ 24 നു നൽകിയത്. ഒരു മാസം കഴിഞ്ഞിട്ടാണ് ശമ്പളം നൽകിയത്.
അതിലെന്തിനാണ് ഇത്ര ചാരിതാർഥ്യമെന്ന് ടി.ഡി.എഫ് ചോദിച്ചു.
ഹൈക്കോടതി പറഞ്ഞിട്ടും മാനേജ്‌മെന്റിനു കൂസലില്ല.ശമ്പളം കൊടുക്കാതെ തൊഴിലാളികളെ ഇങ്ങനെ പീഡിപ്പിച്ച ഒരു സർക്കാരില്ല. കെഎസ്ആർടിസിയുടെ വരവ് ചിലവ് കണക്ക് പ്രസിദ്ധീകരിക്കാൻ മന്ത്രി ധൈര്യം കാണിക്കണമെന്നും ടി.ഡി.എഫ് പറഞ്ഞു.
ഇതിനിടെ മന്ത്രിയുടേത് രാഷ്ട്രീയ പ്രസംഗം മാത്രമെണ് ബി.എം.എസ് ആരോപിച്ചു. 750 കോടി കട ബാധ്യതയ്ക്ക് ആര് മറുപടി പറയും. പ്രൊവിഡന്റ് ഫണ്ട് അടച്ചിട്ടില്ലെന്നും ഡിഎ കുടിശികയുണ്ടെന്നും ബി.എം.എസ് വ്യക്തമാക്കി. ഒരു ദിവസം പറഞ്ഞാലും തീരാത്ത കാര്യങ്ങൾ കെഎസ്ആർടിസിയിൽ നൽകാനുണ്ടെന്നും വസ്തുതകൾ മറച്ചു വെച്ച് മന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയെന്നും ബി.എം.എസ് കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയിൽ ഇപ്പോൾ ഒരു രൂപ പോലും കുടിശ്ശികയില്ല. ഇന്നലെ വരെയുള്ള മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നത്. അതിൽ ചാരുതാർത്ഥ്യമുണ്ടെന്നുമാണ് ആന്റണി രാജു പറഞ്ഞത്.
Story Highlights: Labor unions against Antony Raju’s Statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here