ഗുസ്തി താരങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെ ഹരിയാനയിലേക്ക് രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; താരങ്ങളുമായി കൂടിക്കാഴ്ച

ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് ലൈംഗിക ആരോപണവിധേയനായ ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗിന്റെ വിശ്വസ്തന്‍ എത്തിയതിനതെിരെ പ്രതിഷേധം തുടരുന്നതിനിടെ ഗുസ്തി താരങ്ങളുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി എംപി. ഹരിയാനയിലെത്തിയാണ് രാഹുല്‍ ബജ്‌റംഗ് പുനിയ ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. നീതി ലഭിക്കും വരെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഗുസ്തി താരങ്ങള്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് രാഹുലിന്റെ ഹരിയാന സന്ദര്‍ശനം. (Rahul Gandhi meets Bajrang Punia, other wrestlers in Haryana)
വളരെ അപ്രതീക്ഷിതമായി രാവിലെ ആറ് മണിയോടടുത്താണ് രാഹുല്‍ ഹരിയാനയിലെത്തിയത്. ഹരിയാനയിലെ ഒരു ഗുസ്തി പരിശീലന കേന്ദ്രത്തില്‍ രാഹുലെത്തുകയും പരിശീലകനോടും താരങ്ങളോടും സംസാരിക്കുകയും ഏറെ നേരം പരിശീലനം കണ്ടുനില്‍ക്കുകയും ചെയ്തു. കൂടിക്കാഴ്ചയില്‍ മറ്റ് രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ല.

ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആരോപണവിധേയനായ ബിജെപി നേതാവ് ബ്രിജ് ഭൂഷന്‍ ചരണ്‍ സിംഗിന് പകരക്കാരനായി ഗുസ്തി ഫെഡറേഷന്‍ തലപ്പത്തെത്തിയത് ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍ സഞ്ജയ് സിംഗായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് അറിയിച്ചിരുന്നു. താന്‍ ഗുസ്തി കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സാക്ഷി മാലികും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Story Highlights: Rahul Gandhi meets Bajrang Punia, other wrestlers in Haryana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here