വിനീത വി.ജിയ്‌ക്കെതിരായ കള്ളക്കേസ്: ദേശീയതലത്തിലും വിമര്‍ശനം; പൊലീസ് നടപടി ആശങ്കപ്പെടുത്തുന്നതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ

ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ വിനീത വി.ജിയ്‌ക്കെതിരെ കള്ളക്കേസെടുത്തതിനെതിരെ ദേശീയ തലത്തിലും വിമര്‍ശനം. വിനീതയ്‌ക്കെതിരായ പൊലീസ് നടപടി ആശങ്കയുണ്ടാക്കുന്നുവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ വിമര്‍ശിച്ചു. നവകേരള ബസിനുനേരെയുണ്ടായ ഷൂവേറ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിനീതയ്‌ക്കെതിരെ കള്ളക്കേസ് എടുത്തിരുന്നത്. വിനീതയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു. ( Editors Guild of India on case against 24 reporter Vineetha V G)
കേസിനെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷമാണ് സംഭവത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഔദ്യോഗികമായി വിമര്‍ശനം അറിയിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനം കുറ്റകൃത്യമല്ലെന്ന് എഡിറ്റേഴ്‌സ് ഗില്‍ ഊന്നിപ്പറയുന്നു. മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് വിനീത വി.ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസില്‍ അഞ്ചാം പ്രതിയാക്കിയത്. കെയുഡബ്ല്യുജെ ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും കേസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Story Highlights: Editors Guild of India on case against 24 reporter Vineetha V G
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here