‘കോലിയുള്ളപ്പോൾ ദുർബലനായ കളിക്കാരനെ നായകനാക്കി, രോഹിതിനെ ടീമിലെടുത്ത് എന്തടിസ്ഥാനത്തിൽ’; സെഞ്ചൂറിയൻ തോൽവിയിൽ ബദരിനാഥ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരിനാഥ്. ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്നത് ദുർബലനായ കളിക്കാരൻ. എന്തടിസ്ഥാനത്തിലാണ് രോഹിതിനെ ടീമിലെടുത്ത്? വിരാട് കോലിയെ എന്തുകൊണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയില്ലെന്നും ബദരിനാഥ് ചോദിച്ചു.
സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയുടെ പ്രകടനം നിരാശാജനകമായിരുന്നു. ക്യാപ്റ്റൻസിയിലും ബാറ്റിംഗിലും രോഹിത്തിന് മികവ് പുലർത്താനായില്ല. ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പിന്നാലെ ടീമിനെതിരെയും ക്യാപ്റ്റനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ഏറ്റവുമൊടുവിൽ സുബ്രഹ്മണ്യം ബദരീനാഥാണ് രംഗത്തെത്തിയിരിക്കുന്നത്.
‘ടെസ്റ്റ് നായകൻ എന്ന നിലയിൽ മികച്ച റെക്കോർഡാണ് കോലിക്കുള്ളത്. ക്യാപ്റ്റനെന്ന നിലയിൽ 52 ശരാശരിയിൽ 5000-ത്തിലധികം റൺസ്. 68 ടെസ്റ്റുകളിൽ നിന്ന് 40 വിജയങ്ങളും 17 തോൽവിയും. ഓസ്‌ട്രേലിയൻ പരമ്പരയിൽ തകർപ്പൻ വിജയത്തിലേക്ക് ടീമിനെ നയിച്ചു. ഗ്രെയിം സ്മിത്ത്, റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ എന്നിവർക്ക് ശേഷം ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയത് അദ്ദേഹമാണ്’-ബദരിനാഥ് പറഞ്ഞു.
‘എന്തുകൊണ്ടാണ് വിരാട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകാത്തത്? അദ്ദേഹം മികച്ച ടെസ്റ്റ് ബാറ്ററാണ്. വിരാട് കോലിയേയും രോഹിത് ശർമ്മയേയും താരതമ്യപ്പെടുത്താൻ കഴിയില്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തിൽ കോലി ബഹുദൂരം മുന്നിലാണ്. എല്ലായിടത്തും റൺസ് സ്കോർ ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം ടെസ്റ്റ് ടീമിനെ നയിക്കാത്തത്? പകരം ഒരു ദുർബലനായ കളിക്കാരനെ ക്യാപ്റ്റനാക്കി. എന്നെ സംബന്ധിച്ചിടത്തോളം, ഓപ്പണറായി ഇതുവരെ കഴിവ് തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ദുർബലനായ കളിക്കാരനാണ് രോഹിത്’- ബദരിനാഥ് കൂട്ടിച്ചേർത്തു.
‘ഇന്ത്യൻ പിച്ചിൽ രോഹിത് കഴിവ് തെളിയിച്ചിട്ടുണ്ട്, പക്ഷേ ഇന്ത്യയ്ക്ക് പുറത്ത് ശർമ്മ ഒരു ഓപ്പണറായി സ്വയം തെളിയിച്ചിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. രോഹിതിനെ എന്തിനാണ് ടീമിൽ എടുത്തത്?’-ബദരീനാഥ് ചോദിച്ചു.
Story Highlights: ‘A weaker player than Kohli is leading India in Tests’: Badrinath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here