ജെസ്ന തിരോധാനക്കേസ്; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

ജെസ്ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്നയെ കണ്ടെത്താനായില്ല എന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്.
അഞ്ചു വർഷങ്ങൾക്കു മുൻപ് എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയ ജസ്‌ന മരിയ ജയിംസ് എവിടെയെന്നതിൽ വർഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്‌ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്.
2018 മാർച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജസ്‌നയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ടോമിൻ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് ചില പരാമർശങ്ങൾ ഉണ്ടായിരുന്നു.
ഇതേ തുടർന്നാണ് ജസ്‌നയുടെ സഹോദരനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കുകയും സിബിഐ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്.
Story Highlights: jesna missing cbi investigation stopped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here