Advertisement

ശൈലി 2: ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്

January 5, 2024
Google News 1 minute Read
Ardram lifestyle disease screening to phase II

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളില്‍ ലക്ഷ്യം വച്ചവരില്‍ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് പോകുന്നത്. ഇതിനായി ശൈലി 2 ആപ്പ് വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ ശൈലി 2 പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കി. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ കുഷ്ഠ രോഗം, കാഴ്ച പരിമിതി, കേള്‍വി പരിമിതി, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും. നഗര പ്രദേശങ്ങളിലെ സ്‌ക്രീനിംഗ് ഊര്‍ജിതമാക്കും. നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീന്‍ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാര്‍ഷികാരോഗ്യ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കും.

ഇതുവരെ ആകെ 1,53,25,530 പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ നിലവില്‍ 18.14 ശതമാനം (27,80,639) പേര്‍ക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയവരില്‍ രോഗസാധ്യത കൂടുതലുള്ളവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. സ്‌ക്രീനിംഗിലൂടെ രക്താതിമര്‍ദം സംശയിച്ച 20,51,305 പേരില്‍ നടത്തിയ പരിശോധനയില്‍ 6,26,530 (31 ശതമാനം) പേര്‍ക്ക് പുതുതായി രക്താതിമര്‍ദവും സ്‌ക്രീനിംഗിലൂടെ പ്രമേഹം സംശയിച്ച 20,45,507 പേരില്‍ നടത്തിയ പരിശോധനയില്‍ 55,102 (2.7 ശതമാനം) പേര്‍ക്ക് പുതുതായി പ്രമേഹവും സ്ഥിരീകരിച്ചു. നിലവില്‍ രക്താതിമര്‍ദവും പ്രമേഹവുമുള്ളവര്‍ക്ക് പുറമേയുള്ള കണക്കാണിത്. സംസ്ഥാനത്ത് പരിശോധന നടത്തിയ മൂന്നില്‍ ഒരാള്‍ക്ക് രക്താതിമര്‍ദം ഉണ്ടെന്നാണ് ഒന്നാംഘട്ട സര്‍വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്.

വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിര്‍ണയം നടത്തി തുടര്‍ചികിത്സ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിലവില്‍ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങള്‍ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ നിയന്ത്രിക്കാന്‍ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങള്‍ വരാതെ നോക്കാനും സാധിക്കുന്നു.

Story Highlights: Ardram lifestyle disease screening to phase II

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here