കോലിയും രോഹിതും തിരിച്ചെത്തുമോ?; അഫ്ഗാനെതിരായ ടി20 ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുക. ജനുവരി 11ന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ആദ്യ ടി20 മത്സരം.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെയും ജനുവരി 25 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകൾക്കുമുള്ള ഇന്ത്യൻ ടീമിനെയും തെരഞ്ഞെടുക്കാൻ സെലക്ടർമാർ യോഗം ചേരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്നത്തെ ടീം പ്രഖ്യാപനം വളരെ പ്രധാനമാണ്. ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ബിൽഡ് അപ്പ് എന്ന നിലയിൽ സൂപ്പർ താരങ്ങളായ കോലിയുടെയും രോഹിതിന്റെയും തിരിച്ചുവരവ് ഇന്നത്തെ പ്രഖ്യാപനത്തോടെ തീരുമാനിക്കും. 2022ലെ ടി20 ലോകകപ്പിന് ശേഷം ഇവരും ഈ ഫോർമാറ്റിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടില്ല.
ആരായിരിക്കും പുതിയ ക്യാപ്റ്റൻ?
ഒക്ടോബറിൽ നടന്ന ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഇതുവരെ സുഖം പ്രാപിച്ചിട്ടില്ല. ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ ഇന്ത്യൻ ടീമിനെ സൂര്യകുമാർ നയിച്ചത് അദ്ദേഹത്തിന് പകരമായിരുന്നു. എന്നാൽ സൂര്യയും പരിക്കേറ്റ് പിന്മാറിയതോടെ ആരായിരിക്കും പുതിയ ക്യാപ്റ്റൻ എന്നാണ് മറ്റൊരു പ്രധാന ചോദ്യം.
രോഹിതും കളിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ വൈസ് ക്യാപ്റ്റൻ ആയിരുന്ന രവീന്ദ്ര ജഡേജയെ ക്യാപ്റ്റൻ ആയി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേട്ടത്തിലേക്ക് നയിച്ച റുതുരാജ് ഗെയ്‌ക്‌വാദ് മറ്റൊരു ഓപ്ഷനാണ്. എന്നാൽ അദ്ദേഹവും പരിക്ക് കാരണം പുറത്താണ്. കേപ്ടൗൺ വിജയത്തിൽ ഇന്ത്യയുടെ നിർണായക ഘടകമായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും അഫ്ഗാനിസ്ഥാനെതിരായ ടി20യിൽ വിശ്രമം അനുവദിച്ചേക്കും.
Story Highlights: BCCI to announce IND T20I team for Afghanistan tie today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here