കേരളത്തിൽ ഏഴ് മെഡിക്കൽ കോളജുകളിൽ കൂടി എമർജൻസി വിഭാഗം ആരംഭിക്കും; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിക്കുന്നത്.(7 Emergency Department to be Started in Medical Colleges)
നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് ഒരു കുടക്കീഴിൽ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ശാസ്ത്ര ശാഖയാണ് എമർജൻസി മെഡിസിൻ. ഇതിനായി ഈ മെഡിക്കൽ കോളജുകളിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, രണ്ട് സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചിട്ടുണ്ട്.
ഇതുകൂടാതെ തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ രണ്ട് വീതം സീനിയർ റസിഡന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാ മെഡിക്കൽ കോളജുകളിലും എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തിൽപ്പെട്ടോ മറ്റ് അസുഖങ്ങൾ ബാധിച്ചോ വരുന്നവർക്ക് ഗുണമേന്മയുള്ള അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മെഡിക്കൽ കോളജുകളിൽ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് എമർജൻസി മെഡിസിൻ വിഭാഗം എല്ലാ മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കുന്നത്.
Story Highlights: 7 Emergency Department to be Started in Medical Colleges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here