‘വൈ.എസ്.ആർ.സി.പി വിടുന്നു’; ഒരാഴ്ച കൊണ്ട് രാഷ്ട്രീയം മതിയാക്കി അമ്പാട്ടി റായിഡു
വൈ.എസ്.ആർ.സി.പി വിടുകയാണെന്ന് പ്രഖ്യാപിച്ച് മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി സോഷ്യൽ മീഡിയയിലൂടെയാണ് താരം അറിയിച്ചത്. പാർട്ടിയിൽ ചേർന്ന് വെറും എട്ട് ദിവസം പിന്നിടുമ്പോഴാണ് റായിഡുവിൻ്റെ യു-ടേണ്‍.
2023 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റായിഡു രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഒരാഴ്ച മുമ്പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചാണ് അമ്പാട്ടി റായിഡു രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.
‘വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നു. ഇനി കുറച്ചുനാള്‍ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുക്കാനാണ് തീരുമാനം. മറ്റു തീരുമാനങ്ങള്‍ ക്രമേണ അറിയിക്കുന്നതാണ്’- അമ്പാട്ടി റായിഡു ട്വീറ്റ് ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രയ്ക്കായും ഹൈദരാബാദിനായും കളിച്ച താരമാണ് അമ്പാട്ടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകള്‍ക്കായും കളിച്ചു.
Story Highlights: Ambati Rayudu quits Jagan Reddy’s party 8 days after joining
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here