ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം; ബിജെപി തന്നെ തിരുവനന്തപുരത്ത് ജയിക്കും; തരൂർ പുകഴ്ത്തലിൽ തിരുത്തുമായി ഒ.രാജഗോപാൽ
ശശി തരൂർ എംപിയെ പുകഴ്ത്തിക്കൊണ്ടുള്ള പരാമർശം തിരുത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം താനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് സംസാരിച്ചതെന്നും നിലവിൽ തരൂരിൻ്റെ മണ്ഡലത്തിലെ സാന്നിധ്യം നാമ മാത്രമാണ് എന്നത് അദ്ദേഹത്തിൻ്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കുമെന്നും ഒ രാജഗോപാൽ പറഞ്ഞു.
മാറിയ രാഷ്ട്രീയ സാഹചര്യത്തിലും മോദി സർക്കാരിൻ്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്ന് രാജഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. ഒരു പാലക്കാട്ടുകാരനെന്ന നിലയിൽ ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസംഗത്തിലുള്ളതെന്നും ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഒരു എ ക്ലാസ് മണ്ഡലമായി പരിഗണിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബി ജെ പി ഊർജ്ജിതമാക്കുന്നതിനിടെയാണ് ശശി തരൂർ എം പിയെക്കുറിച്ചുള്ള ഒ രാജഗോപാലിന്റെ വാക്കുകൾ. തിരുവനന്തപുരത്തുകാരെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞുവെന്നും തരൂരിനെ തോൽപ്പിക്കാനാകില്ലെന്നുമായിരുന്നു പ്രതികരണം.
Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്; പ്രതിപക്ഷ നേതാവ് ജില്ലകളിൽ പര്യടനം നടത്തും
തിരുവനന്തപുരത്ത് വച്ച് നടന്ന ഡോ എൻ രാമചന്ദ്രൻ ഫണ്ടേഷൻ പുരസ്കാരം ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു ഒ രാജഗോപാലിന്റെ പ്രസംഗം . തരൂരും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സരോദ് സംഗീതജ്ഞൻ അംജദ് അലി ഖാനുൾപ്പടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിനെത്തിയിരുന്നു. നേരത്തെ കേരളീയം സമാപന പരിപാടിയിൽ പങ്കെടുത്ത് സർക്കാരിനെ പുകഴ്ത്തിയും ഒ രാജഗോപാൽ വിവാദ പ്രതികരണം നടത്തിയിരുന്നു.
Story Highlights: O Rajagopal edited his remarks about Shashi Tharoor MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here