അധ്യാപകന്റെ കൈവെട്ടിയ കേസ്; 13 വർഷത്തിന് ശേഷം ഒന്നാം പ്രതി സവാദ് NIAയുടെ പിടിയിൽ

തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി എൻഐഐയുടെ പിടിയിൽ. അശമന്നൂർ നൂലേലി മുടശേരി സവാദ് (38) ആണ് കണ്ണൂരിൽ നിന്ന് പിടിയിലായത്. കൊച്ചിയിൽ നിന്നുള്ള പ്രത്യേക യൂണീറ്റ് കണ്ണൂരിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 13 വർഷത്തിന് ശേഷമാണ് കേസിലെ ഒന്നാം പ്രതി പിടിയിലാകുന്നത്.
2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാക്കിസ്ഥാൻ, ദുബായ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ അന്വേഷണം നടത്തിയിരുന്നു. കേസിലെ മറ്റു പ്രതികളായ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെ എൻഐഎ കോടതി ശിക്ഷിച്ചിരുന്നു.
സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു. കേസിൽ ഭീകരവാദപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി വ്യക്തമാക്കിയിരുന്നു. ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയത്. 2011ലാണ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. 42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്.
Story Highlights: prime suspect in thodupuzha teachers hand chopping case savad arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here