അയോധ്യ ക്ഷേത്രച്ചടങ്ങ് നടക്കുമ്പോൾ പല കോൺഗ്രസ് നേതാക്കളും പോകാനാണ് സാധ്യത; മന്ത്രി കെ. രാജൻ
അയോധ്യ ക്ഷേത്ര വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. രാജൻ രംഗത്ത്. കോൺഗ്രസ് പോകണോ പോകണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും ഇത്തരം കാര്യങ്ങളിൽ കുറേ നാളായി കോൺഗ്രസിന്റേത് മിതവാദി നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് വളരെ അപകടകരമാണ്. കോൺഗ്രസിന്റെ ഇത്തരം മൃദു സമീപനമാണ് ബി.ജെ.പിക്ക് വളം വയ്ക്കുന്നത്. ഇത്തരം ഒരു ആർഎസ്എസ് പരിപാടിയിൽ അവർ തല വച്ചു കൊടുക്കരുതെന്നായിരുന്നു ഞങ്ങളുടെ അഭിപ്രായം. കോൺഗ്രസ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടങ്കിൽ അത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷേ ഇപ്പോഴും അയോധ്യ ക്ഷേത്രച്ചടങ്ങിൽ കോൺഗ്രസ് പൂർണമായും ഞങ്ങൾ പോകില്ലെന്ന് പറഞ്ഞിട്ടില്ല. നേരത്തെ പ്രഖ്യാപിച്ച രണ്ട് പേർ പോകുന്നില്ലെന്നാണ് പറഞ്ഞത്. കോൺഗ്രസിന് ഇത്തരം കാര്യങ്ങളിൽ ഏകകണ്ഠമായ തീരുമാനമില്ല. പരിപാടി നടക്കുമ്പോൾ പലരും പോകാനാണ് സാധ്യത. അത് കണ്ടറിയാം.
കോൺഗ്രസ് നേതാവ് ടി എൻ പ്രതാപന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. പോയി കാര്യങ്ങളറിയാത്തതു കൊണ്ടാണ് എം പി യുടെ പ്രതികരണമെന്നും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അവിടെയൊരു മത്സരം നടക്കുന്നുണ്ടെന്നും അദ്ദേഹം തിരിച്ചടിച്ചു. അത് രണ്ടാം സ്ഥാനത്തേക്കാണ്. ഞങ്ങൾ അതിനെ ലൂസേഴ്‌സ് ഫൈനൽ എന്ന് പറയും. ഒന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെയാണ്. ബി.ജെ.പിയെ സഹായിക്കുന്ന ഇത്തരം അഭിപ്രായങ്ങൾ ഒരു മതേതര പാർട്ടിയുടെ നേതാവിന് നല്ലതല്ല.
പി. രാജുവിനെതിരെയുള്ള നടപടിയെപ്പറ്റിയും മന്ത്രി കെ. രാജൻ പ്രതികരിച്ചു. എറണാകുളത്തെ സി.പി.ഐയ്ക്ക് അധികാരപ്പെടുന്ന വിധത്തിലെടുത്ത നടപടിയാണ്. സംസ്ഥാന നേതൃത്വമല്ല തീരുമാനമെടുത്തത്. ഒരു വിധത്തിലുള്ള പ്രശ്നവും എറണാകുളത്തെ പാർട്ടിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here