ബന്ധം ശക്തമാക്കാൻ മാലദ്വീപ്; ചൈനയുമായി ഒപ്പുവച്ചത് ടൂറിസം സഹകരണം ഉൾപ്പെടെ 20 സുപ്രധാന കരാറുകളിൽ
ഇന്ത്യയുമായി നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ ചൈനയുമായി ടൂറിസം സഹകരണം ഉൾപ്പെടെ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് മാലദ്വീപ്. തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തി. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തിയിരുന്നു. ഈ സന്ദർശനത്തിലാണ് ചൈനയുമായി 20 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചത്.
ടൂറിസം സഹകരണം, ദുരന്തസാധ്യത കുറയ്ക്കൽ, ബ്ലൂ ഇക്കോണമി, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം ശക്തിപ്പെടുത്തൽ തുടങ്ങിയ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. മാലദ്വീപിന് ചൈന ഗ്രാന്റ് സഹായം നൽകാനും ധാരണയായി. എന്നാൽ തുക വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ മലദ്വീപിലെ മന്ത്രിമാരുടെ പരാമർശം വൻ വിവാദം സൃഷ്ടിച്ചിരുന്നു. യതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ മാലദ്വീപിലേക്കു കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് മുഹമ്മദ് മുയിസു അഭ്യർഥിച്ചിരുന്നു. മാലദ്വീപിലെ പുതിയ സർക്കാർ ഇന്ത്യയുമായി അകന്ന്, ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെയായിരുന്നു പുതിയ വിവാദം.
കോവിഡിന് മുമ്പുള്ള ടൂറിസത്തിന് ചൈന മാലിദ്വീപിന്റെ ഒന്നാം നമ്പർ വിപണിയായിരുന്നു, ഈ സ്ഥാനത്തേക്ക് ചൈന വീണ്ടും വരുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നമ്മുക്ക് ശക്തമാക്കണമെന്ന് മുയിസു പറഞ്ഞു. അതിനിടെ, ഇന്ത്യൻ മഹാസമുദ്ര ദ്വീപിൽ സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള 50 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി മാലിദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് പ്രീമിയർ ലി ക്വിയാങ് ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചശേഷം ഇന്ന് മുയിസു മാലദ്വീപിലേക്ക് മടങ്ങും.
Story Highlights: Maldives President Mohamed Muizzu signs 20 agreements with China, including tourism co-operation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here