Advertisement

‘എംടി പറഞ്ഞത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ പ്രാധാന്യം’; മാധ്യമവിമർശനവുമായി പിഎ മുഹമ്മദ് റിയാസ്

January 12, 2024
Google News 2 minutes Read
mt vasudevan muhammad riyas

എംടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രാധാന്യം, ഇ എം എസ് നൽകിയ സംഭാവനകൾ എന്നിവ എടുത്ത് പറയുകയായിരുന്നു എംടി എന്ന് റിയാസ് പറഞ്ഞു. എംടിയും മുഖ്യമന്ത്രിയും സന്തോഷത്തോടെ ഏറെ നേരം സംസാരിച്ചു. ഇത് ആണോ മാധ്യമ പ്രവർത്തനമെന്നും റിയാസ് ചോദിച്ചു. പാർട്ടി പരിപാടിയിലെ പ്രസംഗത്തിലാണ് റിയാസിന്റെ മാധ്യമ വിമർശനം. (mt vasudevan muhammad riyas)

എം.ടിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണെന്നും വിമർശനം കേന്ദ്ര സർക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും ഇപി ജയരാജൻ പറഞ്ഞിരുന്നു. എം.ടി യുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ ചർച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യവുമായി ബന്ധമില്ലെന്നും രാജ്യത്തിൻ്റെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി പലർക്കും എന്നത് പോലെ തനിക്കും മഹാനാണ്. മന്നത്ത് പത്മനാഭൻ, ശ്രീ നാരായണ ഗുരു, ഇഎംഎസ്, എകെജി എന്നിവരുടെ ഒക്കെ ചിത്രങ്ങൾ പലരും ആരാധിക്കുന്നുണ്ട്. അത് പോലെ തന്നെയാണ് പിണറായിയോടുള്ള ബഹുമാനമെന്നും ഇപി പറഞ്ഞു.

Read Also: ‘ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ട്’; എംടിയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസം​ഗം. അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി വരുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷഭാഷയിലാണ് വിമർശിച്ചത്.

അധികാരം ആധിപത്യമോ സർവ്വാധിപത്യമോ ആകാം. ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമാണ് അധികാരം എന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടിക്കഴിഞ്ഞു. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി ആഞ്ഞടിച്ചിരുന്നു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു എം ടിയുടെ രാഷ്ട്രീയ വിമർശനങ്ങൾ. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മൈക്കിനടുത്ത് നിന്ന് മാറിയതിന് പിന്നാലെയാണ് ചടങ്ങിൽ മുഖ്യാതിഥിയായ എം ടി പ്രസംഗിക്കാനെത്തുന്നത്. മുഖ്യമന്ത്രിയോടുള്ള ആരാധന വ്യക്തമാക്കുന്ന ഗാനങ്ങൾ ഉൾപ്പെടെ ചർച്ചയായതിന് പിന്നാലെയാണ് എം ടി വാസുദേവൻ നായരുടെ പരോക്ഷ വിമർശനങ്ങളെന്നതും ശ്രദ്ധേയമാണ്.

Story Highlights: mt vasudevan nair pa muhammad riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here