‘ഞാനുമുണ്ട് പരിചരണത്തിന്’; സന്നദ്ധപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് വീണാ ജോര്‍ജ്

പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിന് ‘ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പ് രോഗികള്‍ക്ക് വേണ്ടി അവരാല്‍ കഴിയുന്ന വിധം സാന്ത്വന പരിചരണ സേവനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.
പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കാനായി ഈ സര്‍ക്കാര്‍ പ്രത്യേക കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള വിവിധ പരിപാടികള്‍ നടന്നു വരുന്നു. നവകേരളം കമ്മപദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലെ 10 പ്രധാന പദ്ധതികളിലൊന്നാണ് സാന്ത്വന പരിചണം. ആര്‍ദ്രം ജീവിതശൈലീ കാമ്പയിന്റെ ഭാഗമായി വയോജനങ്ങളുടേയും കിടപ്പ് രോഗികളുടേയും വിവരങ്ങള്‍ ശേഖരിക്കുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
സന്നദ്ധ സേന ഡയറക്ടറേറ്റുമായി സഹകരിച്ച് സാന്ത്വന പരിചരണത്തില്‍ സന്നദ്ധ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കൂടെ’ എന്ന പേരില്‍ ഒരു ക്യാമ്പയിനും സര്‍ക്കാര്‍ ആരംഭിക്കുന്നു. വാരാചരണത്തിന്റെ ഭാഗമായി ജനുവരി 15 മുതല്‍ ജനുവരി 21 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
രോഗികളുടെയും ബന്ധുക്കളുടെയും ഒത്തുചേരല്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, സന്നദ്ധ പരിശീലന പരിപാടികള്‍, കുടുംബശ്രീ സ്‌പെഷ്യല്‍ അയല്‍ക്കൂട്ടം എന്നിവ സംഘടിപ്പിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ പരിപാടികളും പ്രത്യേക അസംബ്ലിയും സംഘടിപ്പിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ എല്ലാ ജീവനക്കാര്‍ക്കും (ബാച്ചുകളായി) ഒരു മണിക്കൂര്‍ ബോധവല്‍ക്കരണം നല്‍കും.
കെയര്‍ ഹോമുകളില്‍/ഡേ കെയര്‍ സെന്ററുകളില്‍ സാംസ്‌കാരിക പരിപാടികള്‍, വാര്‍ഡ് തല വോളണ്ടിയര്‍ ടീം രൂപീകരണവും കിടപ്പ് രോഗികളെ സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധിപ്പിക്കലും, കിടപ്പ് രോഗികളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക, രോഗികള്‍ക്കുള്ള വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ പരിശീലനം, മെഡിക്കല്‍, നഴ്‌സിംഗ് സ്‌കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികളുടെ പ്രത്യേക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുന്നു. എല്ലാവരും ഈ കാമ്പയിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Story Highlights: Veena George will organize a special campaign on volunteerism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here