Advertisement

ശ്രേയ ഘോഷാലിനൊപ്പം വേദിയിൽ, എ ആർ റഹ്മാനൊപ്പം റെക്കോർഡിംഗ്; പാട്ടുവിശേഷങ്ങൾ പങ്കിട്ട് ഗായത്രി രാജീവ്

January 14, 2024
Google News 1 minute Read
Gayatri Rajeev interview

സംഗീത ഇതിഹാസം എ.ആർ റഹ്മാൻ സംഘടിപ്പിച്ച ’99 സോംഗ്സ് കവർസ്റ്റാർ’ മത്സരത്തിൽ വിജയികളായ പത്ത് മത്സരാർത്ഥികളിൽ ഒരാൾ…ഇന്ത്യൻ ഐഡലിൽ ഗംഭീര പ്രകടനം നടത്തിയ മലയാളി സാന്നിധ്യം…ശ്രേയ ഘോഷാലിനൊപ്പം വേദിയിൽ പാടി അത്ഭുതപ്പെടുത്തിയ എറണാകുളം കാക്കനാട് സ്വദേശിനി…24 പ്രേക്ഷകർക്കൊപ്പം പാട്ടുവിശേഷങ്ങൾ പങ്കിട്ട് റിയാലിറ്റി ഷോകളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും സുപരിചിതയായ യുവ ഗായിക ഗായത്രി രാജീവ്.

എഞ്ചിനീയറിംഗിൽ നിന്ന് സംഗീതത്തിലേക്ക്:
കാക്കനാട് ആണ് വീട്. അച്ഛനും അമ്മയുമുണ്ട്. ആറാം വയസ്സു മുതൽ സംഗീതം പഠിക്കുന്നു. കർണാടക സം​ഗീതമാണ് പഠിച്ചുതുടങ്ങിയത്. സം​ഗീത പാരമ്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഒരുപാട് ​ഗുരുക്കന്മാരുടെ അടുത്ത് നിന്നും പഠിച്ചിട്ടുണ്ട്. ഇപ്പോൾ വെെറ്റില രമേഷ് എന്ന ​ഗുരുവിനൊപ്പമാണ് സംഗീതം പഠിക്കുന്നത്. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് സിനിമയിലും ആൽബത്തിലും കോറസ് പാഠാൻ കൊണ്ടുപോകുമായിരുന്നു.

സം​ഗീതത്തിൽ ഒരു കരിയർ സാധ്യത ഉണ്ടാകുമെന്നൊന്നും അന്ന് അറിഞ്ഞിരുന്നില്ല. സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി ഒരു വർഷത്തോളം ജോലി ചെയ്തു. മ്യൂസിക്കൽ പ്രോ​ഗ്രാമുകളിൽ പങ്കെടുത്താൽ അവസരങ്ങൾ ലഭിക്കുമെന്ന് പിന്നീട് തോന്നി. കഴിഞ്ഞ മാർച്ചിൽ ജോലി മതിയാക്കി. രണ്ട് റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ നിരവധി ഓൺലൈൻ മത്സരങ്ങളിലും പങ്കെടുത്തു. അങ്ങനെയാണ് പല അവസരങ്ങളും ലഭിച്ചത്.

വേദികൾ കീഴടക്കാൻ നേരിട്ട ബുദ്ധിമുട്ടുകൾ:
ഇന്ത്യൻ ഐഡൽ നല്ല പ്രയാസമുള്ള ഷോ ആയിരുന്നു. കാരണം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും മത്സരാർത്ഥികളുണ്ട്. ആദ്യ ലെവൽ ഓഡിഷൻ ബെം​ഗളൂരുവിൽ, മുംബെെയിൽ നാലിലധികം ഓഡിഷനുകൾ…പിന്നീട് ചാനലിന്റെ ഭാ​ഗത്തുനിന്നുള്ള ഓഡിഷനുമുണ്ട്. 3 മാസത്തോളം ഓഡിഷനു വേണ്ടി തന്നെ പോയിട്ടുണ്ട്.

മുംബൈയിൽ ചെല്ലുമ്പോൾ ഹിന്ദി അറിയില്ലായിരുന്നു. ഹിന്ദിക്കാരോടൊപ്പം താമസിച്ചപ്പോൾ ഭാഷ പഠിച്ചു. ഇതൊരു ഒരു വലിയ ഷോ ആണ്. അതിലേക്ക് നമ്മെ ഒരുക്കി എടുക്കുന്ന പ്രോസസ്സ് വളരെ രസകരമായിരുന്നു. മുഴുവൻ സമയവും അവിടെത്തന്നെ ആണ് പുറത്തൊന്നും പോകാൻ പറ്റില്ല. ഇതെലാം കഴിഞ്ഞാണ് വിശാൽ ദദ്‌ലാനി, ശ്രേയ ഘോഷാൽ എന്നിവരുടെ മുന്നിൽ പാടിയത്. കുറെ മാസങ്ങൾ ആയിട്ട് മുംബൈയിൽ ആയിരുന്നു. കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്.

സ്വപ്നസാഫല്യം:
ശ്രേയാ ഘോഷാലിന്റെ വലിയ ആരാധികയാണ്. വേദിയിൽ ഒരുമിച്ച് പാടാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഇന്ത്യൻ ഐഡലിലൂടെ വിശാൽ സാറിനേയും ശ്രേയ മാഡത്തിനേയും ഒക്കെ കാണാനായത് തന്നെ വലിയ കാര്യമായിരുന്നു. ശ്രേയ മാഡത്തിൻ്റെ ഒരു ഷോ കൊച്ചിയിൽ നടന്നിരുന്നു. അന്ന് ഞാൻ ജോഷ് ആപ്പിന്റെ ആർട്ടിസ്റ്റായി പാടാൻ പോയിരുന്നു. ഷോ കാണാൻ ഇരിപ്പുണ്ടെന്നറിഞ്ഞ ശ്രേയ മാഡം എന്നെ അവിടേയ്ക്ക് വിളിച്ചു, എനിക്ക് ഒരുപാട് സന്തോഷമായി.

സംഗീത ഇതിഹാസത്തെ കണ്ടപ്പോൾ:
പൊന്നിയിൻ സെൽവൻ 2 ലെ ‘വീരാ രാജവീരാ’ എന്ന പാട്ടിനുവേണ്ടിയാണ് ട്രാക്ക് പാടിയത്. അന്ന് ചെന്നെെയിൽ ഉണ്ടായിരുന്നു. എ.ആർ റഹ്മാൻ സാറിനൊപ്പമുള്ള ആദ്യത്തെ റെക്കോഡിങ് ആയിരുന്നു അത്. ശ്രീകാന്ത് ഹരിഹരനായിരുന്നു റെക്കോഡിങ് സെഷന് ഒപ്പമുണ്ടായിരുന്നത്. റഹ്മാൻ സാർ തൊട്ടടുത്ത മുറിയിലായിരുന്നു.

അദ്ദേഹത്തിന്റെ സ്റ്റുഡിയോ കാണാൻ തന്നെ ഒരു ദൈവീകമായ അനുഭവമാണ്. സാറിന്റെ വീടും അവിടെത്തന്നെയാണ്. ചിത്രചേച്ചി ഒറിജിനൽ പതിപ്പ് പാടി. റഹ്മാൻ സാറിന്റെ സ്റ്റുഡിയോയിൽ പോകാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്. 99 സോങ്‌സ് കവർസ്റ്റാർ കോണ്ടെസ്റ്റ് എന്ന മത്സരത്തിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ അവസാനറൗണ്ടിൽ എത്തുകയും ചെയ്തു. റഹ്മാൻ സർ ഓൺലൈനായി ഞങ്ങളോടു സംസാരിച്ചിരുന്നു. സൂം കോളിലൂടെയാണ് റഹ്മാൻ സാറിനോട് സംസാരിക്കുന്നത്. പിന്നെ ഒരു ദിവസം പെട്ടെന്ന് വിളിച്ചിട്ടാണ് ഒരു പാട്ട് പാടാൻ വരണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെയാണ് വീരാ രാജവീരാ ട്രാക്ക് പാടിയത്.

സിനിമാ വിശേഷങ്ങൾ:
മലയാളത്തിൽ നദികളിൽ സുന്ദരി യമുന, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലും പാടാൻ അവസരം ലഭിച്ചു. സം​ഗീതം ഒരു കരിയറായി തെരഞ്ഞെടുക്കാനാണ് തീരുമാനം.

Story Highlights: Gayatri Rajeev interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here