പെരുകുന്ന തട്ടിപ്പുകള്‍; സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാത്രം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് 201 കോടി

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ നഷ്ടമായത് 201 കോടി രൂപ. തട്ടിപ്പുമായി ബന്ധപ്പെട്ട് 23,753 പരാതികള്‍ പൊലീസിന് ലഭിച്ചു. 5,107 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തുക തിരികെ പിടിക്കാന്‍ കഴിഞ്ഞതായും പൊലീസ് വ്യക്തമാക്കി.
ട്രേഡിങ് തട്ടിപ്പുകൡലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3094 പേര്‍ക്ക് നഷ്ടമായത് 74 കോടി രൂപയാണ്. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈല്‍ നമ്പരുകളും ഇരുനൂറോളം സോഷ്യല്‍ മിഡിയ അക്കൗണ്ടുകളും കേരള പൊലീസ് സൈബര്‍ വിഭാഗം മരവിപ്പിച്ചു.
എറണാകുളം തൃക്കാക്കര സ്വദേശിയില്‍ നിന്ന് മാത്രം രണ്ട് കോടി 60 ലക്ഷം രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ആലപ്പുഴ സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപയും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഷ്ടമായി. ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പൊലീസിനെ അറിയിക്കാന്‍ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
Story Highlights: 201 crore lost through online fraud in Kerala last year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here